JHL

JHL

മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 5 മുതൽ 13 വരെ മിയാപദവിൽ; 142 സ്കൂളുകളിൽ നിന്നായി 5,000 വിദ്യാർഥികൾ പങ്കെടുക്കും

കുമ്പള:മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 5, 11, 12, 13 തീയതികളിൽ മീഞ്ച പഞ്ചായത്തിലെ മിയാപദവിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയവാർത്താസമ്മേളനത്തിൽ അറിയിച്ചു. എസ്.വി.വി.എച്ച്.എസ്.എസ്, വി.എ.യു.പി.എസ് മിയാപദവ് എന്നീ വിദ്യാലയങ്ങളുടെ സംയുക്ത ആതിഥേയത്വത്തിലാണ് 65-ാമത് ഉപജില്ലാ കലോത്സവം സംഘടിപ്പിക്കുന്നത്.
ഉപജില്ലയിലെ 142 സ്കൂളുകളിൽ നിന്നായി അയ്യായിരത്തോളം വിദ്യാർഥികൾ വിവിധ കലാമത്സരങ്ങളിൽ പങ്കെടുക്കും.
5ന് സ്റ്റേജിതര മത്സരങ്ങളും 11മുതൽ 15 വരെ സ്റ്റേജ് മത്സരങ്ങളും നടക്കും.
അഞ്ചിന് രാവിലെ 9.ന് എസ്.വി.വി.എച്ച്.എസ്.എസ് മാനേജർ ഡോ. ജയപ്രകാശ് നാരായണ ടി.കെ പതാക ഉയർത്തും. നവംബർ 12ന് രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്യും. മീഞ്ച പഞ്ചായത്ത് പ്രസിഡൻ്റും സംഘാടക സമിതി ചെയർമാനുമായ സി.എ. താജുദ്ദീൻ അധ്യക്ഷനാകും. എ. ഇ.ഒ നാരായണ ദേലമ്പാടി സ്വാഗതം പറയും.
ജില്ലാ പഞ്ചായത്തംഗം ഹർഷാദ് വോർക്കാടി, എച്ച്.എ.എൽ ബെംഗളൂരു ഡയറക്ടർ എം.ജി ബാലസുബ്രമണ്യ, മംഗളൂരു കാംപ്കോ പ്രസിഡൻ്റ് സതീശ് ചന്ദ്ര എസ്.ആർ, മഞ്ചേശ്വരം സി.ഐ വിഷ്ണു പ്രസാദ് മുഖ്യാതിഥികളാകും.
പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഉമ്മർ ബോർക്കള, ബഷീർ കനില, ഗോൾഡൻ റഹ്മാൻ, വി.പി അബ്ദുൽ ഖാദർ സംസാരിക്കും.
13ന് വൈകിട്ട് 3.30ന് നടക്കുന്ന സമാപനച്ചടങ്ങ് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. സൈഫുല്ല തങ്ങൾ അധ്യക്ഷനാകും.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഇർഫാന ഇഖ്ബാൽ കെ. മുഖ്യാതിഥിയാകും. ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങുകളിൽ സംബന്ധിക്കും. 
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാനും മീഞ്ച പഞ്ചായത്ത് പ്രസിഡന്റുമായ സി.എ. താജുദ്ദീൻ കടമ്പാർ, മഞ്ചേശ്വരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നാരായണ ദേലമ്പാടി, ജനറൽ കൺവീനർ രമേശ് കെ.എൻ, പ്രധാനാധ്യാപിക മൃദുല കെ.എം, അരവിന്ദാക്ഷ ഭണ്ഡാരി,ഹരീഷ സോലയ,ശിവസുബ്രമണ്യ പ്രസാദ് ടി. എന്നിവർ സംബന്ധിച്ചു.

No comments