JHL

JHL

യക്ഷഗാന കലാക്ഷേത്രം: പുനരുദ്ധാരണത്തിന് മുറവിളി,കെട്ടിടം നാശത്തിന്റെ വക്കിൽ

കുമ്പള. കർണാടകത്തിലെ തീരദേശ ജില്ലകളിലും, കേരളത്തിൽ കാസർഗോഡ് ജില്ലയിലും പ്രചാരണത്തിലുള്ള നൃത്തവും,സംഗീതവും, നാടകവും സമുന്വയിച്ച തനത് കലാരൂപമായ യക്ഷഗാനത്തിന്റെ സംരക്ഷണത്തിന് പുനരുദ്ധാരണ പദ്ധതികൾ വേണമെന്ന ആവശ്യവുമായി കുമ്പളയിലെ പ്രാദേശിക കലാകാരന്മാരും, സാംസ്കാരിക പ്രവർത്തകരും രംഗത്ത്.

 കുമ്പള മുജംഗാവി ലുള്ള പാർഥി സുബ്ബയ്യ യക്ഷഗാന കാലാക്ഷേത്രം(അക്കാദമി) 2013ൽ കുമ്പളയിൽ സ്ഥാപിച്ചുവെങ്കിലും അതിന്റെ സംരക്ഷണത്തിനും, പുനരുദ്ധാരണത്തിനും നടപടിയില്ലാത്തത് മൂലം ദീർഘകാലമായി കെട്ടിടം അവഗണന നേരിടുകയാണ്. കലാക്ഷേത്ര  നിർമ്മാണം പൂർണ്ണസ്ഥിതിയിലാക്കാതെയാണ് അന്ന് തുറന്നു കൊടുത്തത്.പിന്നീട് പദ്ധതികൾ ഒന്നുമില്ലാത്തത് കുമ്പളയിലെ ഈ സാംസ്കാരിക കേന്ദ്രം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായി.ഇപ്പോൾ കെട്ടിടം കാട് മൂടി നാശത്തിന്റെ വക്കിലാണ്. രാത്രികാലങ്ങളിൽ ഇവിടെ സാമൂഹിക വിരുദ്ധരുടെ താവളവുമായി മാറി.

 400-ഓളം വർഷത്തെ ചരിത്രമുള്ള കലാരൂപമാണ്  യക്ഷഗാനം.പുരാണ കഥകളെ ആസ്പദമാക്കി രാത്രി മുഴുവൻ തുറന്ന വേദികളിൽ അവതരിപ്പിക്കപ്പെടുന്നുവെന്നതാണ് ഈ കലാരൂപത്തിന്റെ പ്രത്യേകതയും. പതിനൊന്നാം നൂറ്റാണ്ടിനും,പതിനാറാം നൂറ്റാണ്ടിനുമിടയിലാണ് യക്ഷഗാനത്തിന്റെ ഉത്ഭവമെന്ന് പറയപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ഉടുപ്പിയിലെ നരഹരി തീർതഥ എന്ന സന്യാസിയാണ് "ദശാവതാരം'' അവതരണം ഇതിനായി ആരംഭിച്ചത്. സംസ്കൃതത്തിൽ "യക്ഷൻ''എന്നാൽ ദേവന്മാർ(ആകാശ ജീവികൾ)എന്നാണ് അർത്ഥം.ഗാനം സംഗീതമായപ്പോൾ "ദേവന്മാരുടെ സംഗീതം'' എന്ന നിലക്കാണ് യക്ഷഗാനം എന്ന പേര് വന്നതും.

 1590-1620 കാലഘട്ടത്തിൽ രചിക്കപ്പെട്ട രാമായണമാണ്  യക്ഷഗാനത്തിലെ പ്രധാന നാഴികക്ക ല്ല്.പിന്നെ മഹാഭാരതവും, ഭാഗവതവും. കുമ്പളയിലെ പാർഥി  സുബ്ബൻ രചിച്ച കൃതികളിൽ രാമനാട്ടത്തിന്റെ സ്വാധീനം കാണാൻ സാധിക്കുന്നുണ്ട്. കർണാടകയിലും, കേരളത്തിലും വിവിധ ശൈലികളിലാണ് യക്ഷഗാനം അവതരിപ്പിക്കുന്നത്. നന്മയുടെ വിജയവും, തിന്മയുടെ പരാജയവുമാണ്  യക്ഷഗാനത്തിലൂടെ കാണിക്കുന്നത്.ഈ ചരിത്ര പശ്ചാത്തലമുള്ള കലാരൂപമാണ് സംരക്ഷിക്കാനാ ളില്ലാതെ അവഗണന നേരിടുന്നത്.

 കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി യക്ഷഗാന അക്കാദമി പുനരുദ്ധാരണത്തിനായി കലാകാരന്മാരും, സാംസ്കാരിക പ്രവർത്തകരും അധികൃതരെ സമീപിച്ച് നിവേദനങ്ങൾ നൽകി വരുന്നുണ്ട്.കഴിഞ്ഞ സർക്കാറിന്റെ ഒട്ടുമിക്ക അദാലത്തുകളിലും ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനങ്ങൾ സമർപ്പിച്ചതുമാണ്. നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സർക്കാറിന്റെ അവസാന നാളുകളിൽ കലാക്ഷേത്രം പുനരുദ്ധാരണത്തിന്റെ ഭാഗമായി 2 ലക്ഷം രൂപ സർക്കാർ വകവരുത്തിയിരുന്നുവെങ്കിലും അതും നടക്കാതെ പോയി. ഇപ്പോൾ പുതിയ സർക്കാർ വന്നതോടെ സാംസ്കാരിക വകുപ്പ് മന്ത്രി പിസി കൃഷ്ണനാഥിന് കുമ്പളയുമായി അടുത്ത ബന്ധം ഉള്ളതുകൊണ്ട് തന്നെ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ്  കലാക്ഷേത്ര പുനരുദ്ധാരണത്തിന് സർക്കാറിന് പുതിയ പ്രൊപ്പോസൽ സമർപ്പിച്ചാൽ തുളു നാടിന്റെ തനത് കലയായ യക്ഷഗാനത്തെയും, പാർഥി സുബ്ബന്റെ പൈതൃകത്തെയും  സംരക്ഷിക്കാൻ കഴിയുമെന്ന് പ്രാദേശിക കലാകാരന്മാരും, സാംസ്കാരിക പ്രവർത്തകരും കരുതുന്നുണ്ട്.



No comments