JHL

JHL

രാജകീയ പ്രൗഡിയും, ചരിത്രപെരുമയും കൊണ്ട് പ്രശസ്തമായ കുമ്പള ആരിക്കാടി കോട്ടയെ സാംസ്കാരിക കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തം

കുമ്പള.പേര് കൊണ്ടും,പെരുമ കൊണ്ടും പ്രശസ്തമായ കുമ്പള ആരിക്കാടി കോട്ടയെ സാംസ്കാരിക പൈതൃക കേന്ദ്രമാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമായി.

ഇക്കേരി നായ്ക്കർ രാജവംശത്തിന്റെ പെരുമ കൊണ്ടും, മൈസൂർ രാജാവായിരുന്ന ടിപ്പുസുൽത്താന്റെ പടയോട്ട കാലത്ത് പടത്താവളമായി നിലകൊണ്ട് ചരിത്രത്താളുകളിൽ മായാത്ത ഇടം നേടിയ കുമ്പള ആരിക്കാടി കോട്ടയെ പൈതൃക സാംസ്കാരിക കേന്ദ്രമാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും, സംഘടനകളും രംഗത്ത്.

 പത്താം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ തുളു രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു കുമ്പള. ഭൂതകാലത്തിന്റെ മഹത്വം വിളിച്ചോതുന്ന ചില ശേഷിപ്പുകൾ ബാ ക്കിയുള്ളത് ആരിക്കാടിയിലെ ചെങ്കൽ കോട്ടയുടെ ഭാഗങ്ങൾ മാത്രമാണ്. കുമ്പളയുടെ പൂർവ്വ ചരിത്രത്തിന് തെളിവായി തലയുയർത്തി നിൽക്കുന്ന കോട്ടയെ സംരക്ഷിച്ചു നിർത്താൻ സാംസ്കാരിക കേന്ദ്രം കൊണ്ട് സാധ്യമാവുമെന്ന് നാട്ടുകാർ വിശ്വസിക്കുന്നുമുണ്ട്.കുമ്പള ടൗണിൽ നിന്ന് കേവലം ഒരു കിലോമീറ്റർ അകലെയുള്ളതാണ് ആരിക്കാടി കോട്ട.ഈ കോട്ടയുടെ ചരിത്ര വേരുകൾ തേടി കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഗവേഷക സംഘങ്ങൾ എത്താറുണ്ടെങ്കിലും ഇവർക്ക് അടിസ്ഥാന സൗകര്യമില്ലാത്തത് വലിയ പോരായ്മയാണ്.

 കുമ്പള യക്ഷ ഗാന കുലപതി പാർഥി സുബയ്യ,കുമ്പള ഗാന്ധി എന്നറിയപ്പെടുന്ന മാധവ പൈ,കായിക ഭൂപടത്തിൽ രാജ്യത്തിന്റെ കരുത്തുറ്റ ക്രിക്കറ്റ് ഇതിഹാസമായ അനിൽ കുംബ്ലെ
 എന്നിവരുടെ പേരിനോടൊപ്പം ലോകത്തെമ്പാടും അറിയപ്പെട്ട ഈ പ്രദേശം തുളു നാടിന്റെ ഹൃദയവും തുടിപ്പുമാണ്. അതുകൊണ്ടുതന്നെ ആരിക്കാടി കോട്ടയെ സാംസ്കാരിക കേന്ദ്രമാക്കി ഉയർത്താൻ ഏറ്റവും അനുയോജ്യമായ പ്രദേശം കൂടിയാണെന്ന് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

 നേരത്തെ ആരിക്കാടി കോട്ടയിൽ സംസ്ഥാന ടൂറിസം വകുപ്പും, പുരാവസ്തു ഗവേഷണ വകുപ്പും ചേർന്ന് സന്ദേശ സ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ 2003ല്‍ ചെർക്കളം അ ബ്ദുള്ള മന്ത്രിയായിരിക്കെ "കേരളത്തനിമ'' പ്രകടിപ്പിക്കുന്ന വിധത്തിൽ കലാ ഗ്രാമം നിർമ്മിക്കാൻ ഒരു ശ്രമം നടന്നിരുന്നു.എന്നാൽ ഈ പദ്ധതി പിന്നീട് വെളിച്ചം കാണാതെ പോയി.ഇപ്പോൾ ഈ ചരിത്ര സ്മാരകം  കാടുമുടി നാശത്തിന്റെ വക്കിലാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.



No comments