ബേള വില്ലേജ് ഓഫിസിന്റെ പൂട്ട് പൊളിച്ച് കവർച്ച; മൂന്ന് ലാപ്‌ടോപ്പുകൾ മോഷണം പോയി
ബദിയടുക്ക: ബേള വില്ലേജ് ഓഫിസിന്റെ പൂട്ട് പൊളിച്ച് കവർച്ച നടത്തി. ഓഫിസിലുണ്ടായിരുന്ന മൂന്ന് ലാപ്‌ടോപ്പുകൾ മോഷണം പോയി. മറ്റ് രേഖകളോ ഫയലുകളോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരുകയാണ്. തിങ്കളാഴ്ച രാത്രി നടന്ന കവർച്ച ചൊവ്വാഴ്ച രാവിലെ 9.30 ഓടെ ഓഫിസിലെ സ്വീപ്പർ മമത ജോലിക്കെത്തിയപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. ഓഫിസ് തുറക്കാനെത്തിയപ്പോൾ ഇടതുവശത്തെ മരവാതിലിന്റെ പൂട്ട് പൊളിച്ചനിലയിൽ കാണുകയും ഉടൻ വില്ലേജ് ഓഫിസറെ വിവരം അറിയിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് ബദിയടുക്ക പൊലീസ്, പഞ്ചായത്ത് അംഗം ശ്യാം പ്രസാദ് മാന്യ എന്നിവർ സ്ഥലത്തെത്തി ഓഫിസ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൂന്ന് ലാപ്‌ടോപ്പുകൾ മോഷണം പോയതായി വ്യക്തമായത്. സംഭവസ്ഥലത്ത് ഫിംഗർപ്രിന്റ് വിദഗ്ധരും പൊലീസ് ഡോഗ് സ്ക്വാഡും എത്തി തെളിവുകൾ ശേഖരിച്ചു. ഓഫിസിൽ സി.സി ടി.വി. സംവിധാനം ഇല്ലാത്തതിനാൽ അന്വേഷണം കൂടുതൽ സങ്കീർണമാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ഒരു ആഴ്ച മുമ്പ് വില്ലേജ് ഓഫിസിന് സമീപത്തെ ഓടിട്ട മേൽക്കൂരയുള്ള പട്‍ലയിലെ ഷാഫിയുടെ ഉടമസ്ഥതയിലുള്ള വെൽഡിങ് കടയിൽ കയറി നേർച്ചപ്പെട്ടിയിലെ പണം കവർന്ന സംഭവവും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ആ സംഭവത്തിൽ ഔദ്യോഗികമായി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. വില്ലേജ് ഓഫിസ് കവർച്ച പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Post a Comment