കിദൂരിൽ 'മൺസൂൺ ബയോഡൈവേഴ്സിറ്റി & ട്രെക്കിംഗ് ക്യാമ്പ്'; ജില്ലയിലെ കോളേജ് വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ കോളേജ് വിദ്യാർത്ഥികളിൽ ജൈവവൈവിധ്യ സംരക്ഷണം, പക്ഷിനിരീക്ഷണം, പരിസ്ഥിതി സംരക്ഷണം, പ്രകൃതി പഠനം, ഉത്തരവാദിത്ത ടൂറിസം, ട്രെക്കിംഗ് എന്നിവയോടുള്ള താൽപര്യവും അവബോധവും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കിദൂർ ബയോഡൈവേഴ്സിറ്റി സ്റ്റഡി സെന്ററിനെ ജില്ലയിലെ പ്രധാന ഇക്കോ-ടൂറിസം പഠനകേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള ആദ്യ ഔദ്യോഗിക പ്രവർത്തനമായാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ കിദൂർ പക്ഷിഗ്രാമ സന്ദർശനം, പക്ഷിനിരീക്ഷണം, പള്ളം വെറ്റ്‌ലാൻഡ് പഠനം, മിയാവാക്കി വനസന്ദർശനം, പൊസഡിഗുമ്പെ ട്രെക്കിംഗ്, രാത്രികാല വന്യജീവി നിരീക്ഷണം, ജൈവവൈവിധ്യം, വന്യജീവി സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയെക്കുറിച്ചുള്ള വിദഗ്ധ ക്ലാസുകൾ, പ്രകൃതി പഠന പ്രവർത്തനങ്ങൾ, സംവാദങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും ആദ്യം രജിസ്റ്റർ ചെയ്യുന്ന 36 വിദ്യാർത്ഥികൾക്കാണ് ഈ പ്രഥമ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ജില്ലയിലെ വിവിധ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് കിദൂർ പക്ഷിഗ്രാമം, പള്ളം വെറ്റ്‌ലാൻഡ്, മിയാവാക്കി വനം, പൊസഡിഗുമ്പെ ട്രെക്കിംഗ് മേഖല എന്നിവ സന്ദർശിക്കുന്നതിനൊപ്പം കാസർഗോഡ് വികസന പാക്കേജിൽ പുതുതായി നിർമ്മിച്ച കിദൂർ ബയോഡൈവേഴ്സിറ്റി സ്റ്റഡി സെന്ററിലെ ഡോർമിറ്ററിയിൽ താമസിച്ച് രണ്ട് ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കാനും അവസരമുണ്ടാകും. വിദഗ്ധർ നയിക്കുന്ന പരിസ്ഥിതി പഠന ക്ലാസുകൾ, പക്ഷിനിരീക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, വന്യജീവി നിരീക്ഷണം എന്നിവയിൽ നേരിട്ടുള്ള പരിശീലനവും അനുഭവപഠനവും വിദ്യാർത്ഥികൾക്ക് ലഭിക്കും.
ക്യാമ്പിൽ പങ്കെടുക്കുന്നതിനായി സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ ടൂറിസം ക്ലബ്, എൻ.എസ്.എസ്., നേച്ചർ ക്ലബ് തുടങ്ങിയവയിൽ സജീവമായി പ്രവർത്തിക്കുന്ന പരമാവധി രണ്ട് വിദ്യാർത്ഥികൾക്ക് അതത് കോളേജ് പ്രിൻസിപ്പലിന്റെ ശുപാർശയോടെ നാമനിർദ്ദേശം ചെയ്യാവുന്നതാണ്. വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ ശുപാർശക്കത്ത് 2026 ജൂലൈ 25 വൈകുന്നേരം 5.00 മണിക്ക് മുമ്പ് ഡി.ടി.പി.സി. കാസർഗോഡിൽ ലഭിക്കണം.
തുടർന്ന് ജില്ലയിലെ കോളേജുകൾ, സർവകലാശാലകൾ, എൻ.എസ്.എസ്., എൻ.സി.സി., ടൂറിസം ക്ലബ്ബുകൾ, നേച്ചർ ക്ലബ്ബുകൾ, പരിസ്ഥിതി സംഘടനകൾ എന്നിവ ഉൾപ്പെടുന്ന കുറഞ്ഞത് 20 അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് അവരുടെ സൗകര്യപ്രദമായ തീയതികളിൽ കിദൂർ ബയോഡൈവേഴ്സിറ്റി സ്റ്റഡി സെന്ററിൽ "ബയോഡൈവേഴ്സിറ്റി & ട്രെക്കിംഗ് ക്യാമ്പ്" കുറഞ്ഞ ചെലവിൽ സംഘടിപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടെ അക്കാദമിക്, എക്സ്റ്റൻഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ പാക്കേജ് പ്രയോജനപ്പെടുത്താവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC), കാസർഗോഡ്
☎️ 04994 256450
📱 8547162679
കിദൂർ ബയോഡൈവേഴ്സിറ്റി സ്റ്റഡി സെന്റർ
📱 9995552247, 9895676308


Post a Comment