JHL

JHL

കൃഷ്ണന് മഹമൂദിന്റെ ഖബറിടത്തിൽ പോകാതിരിക്കാനാവുന്നില്ല:നാട്ടുകാർക്ക് ഇത് നൊമ്പര കാഴ്ച

മൊഗ്രാൽ.മനുഷ്യൻ ഒരു സാമൂഹിക ജീവി എന്ന നിലക്ക് നല്ല സൗഹൃദ ബന്ധങ്ങൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട്.അത് ജീവിതത്തിൽ സന്തോഷവും, ആനന്ദവും പ്രദാനം ചെയ്യുന്നുമുണ്ട്.ഒരു ചെറുപുഞ്ചിരിയിൽ തുടങ്ങിയ സൗഹൃദം പലപ്പോഴും ചിലരിലെങ്കിലും ഒരിക്കലും വേർപ്പെടുത്താനാവാത്ത വിധം ദൃഢമാകാറുമുണ്ട്. ജാതി-മത-പ്രായ ഭേദമന്യേ മനസ്സുകൾ തമ്മിൽ ഇടപഴകുന്ന ഈ ബന്ധത്തിന്റെ ഒരു നേർക്കാഴ്ചയാണ് മൊഗ്രാലിൽ ചളിയങ്കോട് റേഷൻ കട നടത്തുന്ന കൃഷ്ണൻ പെർവാഡിന്റേത്.

 വലിയ സൗഹൃദബന്ധമായിരുന്നു കാസറഗോഡ്  വസ്ത്ര വ്യാപാരിയായിരുന്ന മൊഗ്രാൽ മഹമൂദ് ബ്രാൻഡും,കൃഷ്ണനുംതമ്മിലുണ്ടായിരുന്നത്. സൗഹൃദം പലപ്പോഴും അങ്ങനെയാണ്,മരണപ്പെട്ടാലും ആ ബന്ധം ഹൃദയത്തിൽ എന്നും തങ്ങിനിൽക്കും. "ചങ്ക്''എന്നൊക്കെ പറയാറില്ലേ, അതായിരുന്നു മഹമൂദും,കൃഷ്ണനുമാ യുള്ള സൗഹൃദബന്ധം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു രണ്ടര വർഷം മുൻപ് മഹമൂദ് മരണപ്പെട്ടത്. മൊഗ്രാലിനെ നൊമ്പരപ്പെടുത്തിയ മരണവാർത്ത.അത് കൃഷ്ണന്റെ മനസ്സിലുണ്ടാക്കിയ മുറിവ് ചെറുതായിരുന്നില്ല.

 മരണ വിവരം കേട്ടത് മുതൽ കൃഷ്ണൻ അസ്വസ്ഥനായിരുന്നു. ഒരാഴ്ചക്കാലം ഭക്ഷണം പോലും ഉപേക്ഷിച്ച് കൃഷ്ണൻ സങ്കടം കരഞ്ഞു തീർക്കുകയായിരുന്നു. സുഹൃത്തുക്കൾക്ക് പോലും കൃഷ്ണനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ആശ്വസിപ്പിക്കുന്നവരിലും കണ്ണുനീരുണ്ടായി രുന്നു.

 മഹമൂദ് വിടപറഞ്ഞു പോയിട്ട് രണ്ടര വർഷം കഴിഞ്ഞിട്ടും കൃഷ്ണന്റെ മനസ്സിൽ നിന്ന് മഹമൂദിനെ മാറ്റിനിർത്താനാ വുന്നില്ല.മഹമൂദ് എന്നും തന്റെ മുൻപിൽ നില്കുന്നത് പോലെ തോന്നും.സുഹൃത്തിനെ കാണാൻ ഒട്ടു മിക്ക ദിവസങ്ങളിലും കൃഷ്ണൻ മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറിനരികിലെത്തും. അവിടെനിന്ന് സുഹൃത്തിന് വേണ്ടി കണ്ണുനീർ പൊലിക്കും. അഗർബത്തി കത്തിച്ചുവെക്കും. പൂച്ചെടികൾ നടും, ഖബർ വൃത്തിയായി സൂക്ഷിച്ചു വെക്കും.ഈ കാഴ്ച നാട്ടുകാരെ പോലും നൊമ്പരപ്പെടുത്തുന്നുണ്ട്.രക്തബന്ധത്തിനപ്പുറം സ്നേഹവും, വിശ്വാസവും,പരസ്പര പിന്തുണയും കൊണ്ട് സ്വയം തെരഞ്ഞെടുക്കപ്പെടുന്ന സൗഹൃദ ബന്ധങ്ങളുടെ നേർക്കാഴ്ചയാണ് കൃഷ്ണന്റെതെന്ന് നാട്ടുകാർ പറയുന്നുമുണ്ട്.

No comments