JHL

JHL

പഞ്ചായത്തിന് മൂക്കിന് താഴെ കുമ്പള സ്കൂൾ റോഡിൽ മാലിന്യ നിക്ഷേപം: ദുർഗന്ധത്താൽ വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താൻ മൂക്ക് പൊത്തേണ്ട അവസ്ഥ

.

കുമ്പള.മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാലിന് മുകളിൽ പാകിയ കോൺക്രീറ്റ്  പലകയിൽ മൊത്തം മാലിന്യ നിക്ഷേപം.കുമ്പള പഞ്ചായത്തിന് മൂക്കിന് താഴെ സ്കൂൾ റോഡാണ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നത്.ഹോട്ടലുകൾ,പഴം പച്ചക്കറി കടകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലെ മാലിന്യങ്ങളാണ് പ്ലാസ്റ്റിക് കവറുകളിലാക്കി സ്കൂൾ റോഡിൽ തള്ളുന്നത്. അസഹ്യമായ ദുർഗന്ധത്താൽ വിദ്യാർത്ഥികൾ മൂക്കുപൊത്തിയാണ് സ്കൂളിലേക്ക് പോകുന്നത്. ഇതുവഴിയുള്ള നാട്ടുകാരായ കാൽനടയാത്രക്കാർക്കും ഇത് ദുരിതമാവുന്നുണ്ട്.

രാത്രിയുടെ മറവിലാണ് മാലിന്യങ്ങൾ വലിച്ചെറിയുന്നതെന്ന് പറയുന്നു. മുൻകാലങ്ങളിലും ഇവിടെ മാലിന്യം നിക്ഷേപിക്കുക പതിവായിരുന്നു.കുമ്പള ഗ്രാമപഞ്ചായത്ത് പിന്നീട് റോഡ് ശുചീകരിച്ച് മാലിന്യ നിക്ഷേപത്തിന് തടയിട്ടിരുന്നു. ഇവിടെ സമീപത്തെ കെട്ടിടത്തിന് മുകളിൽ സിസിടിവി സ്ഥാപിച്ചതായും പറഞ്ഞിരുന്നു. എന്നിട്ടും മാലിന്യനിക്ഷേപം തുടരുകയാണ്. മാത്രവുമല്ല സ്കൂൾ റോഡ് കാടുപിടിച്ച് കിടക്കുന്നത് മാലിന്യ നിക്ഷേപത്തിന് സഹായകമാവുന്നുമുണ്ട് .

 ഇവിടെ കേന്ദ്ര പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ പോസ്റ്റ് ഓഫീസ് കെട്ടിടം പണിപൂർത്തിയായി കൊണ്ടിരിക്കുകയാണ്.ഇതിന് മുൻപിലും രാത്രികാലങ്ങളിൽ വാഹനങ്ങളിൽ വന്ന് മാലിന്യം തള്ളുന്നവരുമുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ പഞ്ചായത്ത് അധികൃതർ സമീപത്തുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ച് കർശന നടപടി സ്വീകരിക്കണമെന്നാണ് സമീപത്തെ വ്യാപാരികളും, നാട്ടുകാരും ആവശ്യപ്പെടുന്നത്.

No comments