JHL

JHL

യാത്രക്കാർക്ക് അത്യാധുനിക സ്ലീപ്പിങ് പോഡ്സും സ്ലീപ്പിങ് കാപ്സ്യൂളും; യാത്രക്കാർക്ക് അത്യാധുനിക സൗകര്യങ്ങളുമായി കാസറഗോഡ് റെയിൽവേ സ്റ്റേഷൻ

കാസർകോട് ∙ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന യാത്രക്കാർക്കായി കാസർകോട് റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ  സ്ലീപ്പിങ് പോഡ്സ് ആൻഡ് ബജറ്റ് ഹോട്ടൽ യാഥാർഥ്യമായി. ദൂരയാത്രക്കാർക്കും റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നവർക്കും കുറഞ്ഞ ചെലവിൽ സുരക്ഷിതമായി വിശ്രമിക്കാൻ ഇനി കാസർകോട് റെയിൽവേ സ്റ്റേഷനിൽ സൗകര്യമുണ്ട്.  റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് വിശ്രമിക്കാനും രാത്രികാലങ്ങളിൽ കഴിയാനും ലക്ഷ്യമിട്ട് പ്രീമിയം സ്ലീപ്പിങ് പോഡുകളും സ്ലീപ്പിങ് കാപ്സ്യൂളുകളുമാണ് ഒന്നാം പ്ലാറ്റ് ഫോമിനു സമീപത്തെ കൊമേഴ്സ് ഓഫിസിനു മുകളിലെ നിലയിൽ ഒരുക്കിയിട്ടുള്ളത്. തികച്ചും സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷമാണിവിടെ. മലപ്പുറത്തെ സ്വകാര്യസ്ഥാപനത്തിനാണ് 5 വർഷത്തെ നടത്തിപ്പിനായി കരാർ നൽകിയിരിക്കുന്നത്. പ്രവർത്തനം തുടങ്ങിയിട്ട് ഒരു മാസമായി. ഇതിനു പുറമേ കാസർകോട് റെയിൽവേ സ്റ്റേഷനിൽ മണിക്കൂറിന് 30 രൂപ നിരക്കിലുള്ള ശീതീകരിച്ച വിശ്രമ സൗകര്യവും 2 റീട്ടെയറിങ് മുറികളും വേറെയുണ്ട്.

 

 സ്ലീപ്പിങ് പോഡ്സ് ആൻഡ് ബജറ്റ് ഹോട്ടലിൽ ഒരേ സമയം 28 പേർക്ക് ഉപയോഗപ്പെടുത്താവുന്ന സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 2 പേർക്ക് കിടക്കാൻ സൗകര്യമുള്ള 2 പോഡുകളും 10 പേർക്കുള്ള സിംഗിൾ പോഡുകളും 16 പേർക്ക് തനിച്ച് കിടക്കാൻ സൗകര്യമുള്ള 16 കാപ്സ്യൂളുകളുമാണുള്ളത്. പ്രീമിയം സ്ലീപ്പിങ് പോഡിന് 3 മണിക്കൂറിന് 300 രൂപയും 6 മണിക്കൂറിന് 500 രൂപയും 12 മണിക്കൂറിന് 700 രൂപയും 24 മണിക്കൂറിന് 1000 രൂപയുമാണ് നിലവിലുള്ള നിരക്ക്.  സ്ലീപ്പിങ് കാപ്സ്യൂളിന് 3 മണിക്കൂറിന് 250 രൂപയും 6 മണിക്കൂറിന് 350 രൂപയും 12 മണിക്കൂറിന് 500 രൂപയും 24 മണിക്കൂറിന് 700 രൂപയുമാണ് വാടകയായി നൽകേണ്ടത്. രാത്രി 10 മുതൽ രാവിലെ 6 വരെ സ്ലീപ്പിങ് പോഡിന് 600രൂപയും സ്ലീപ്പിങ് കാപ്സ്യൂളിനു 350 രൂപയുമാണ്. ഇതിനു പുറമേ പ്രീമിയം ബ്ലാങ്കറ്റിന് 80 രൂപയും എക്സ്ട്രാ ബ്ലാങ്കറ്റിന് 50 രൂപയും ലോക്കറിനു 30 രൂപയും ടവൽ, ടോയ്‌ലറ്ററി കിറ്റിന് 50 രൂപയുമാണ് അധികമായി നൽകേണ്ടത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഡ്രസിങ് മുറികളുണ്ട്.

 പുരുഷന്മാർക്ക് 7 ശുചിമുറികളും സ്ത്രീകൾക്കു 2 ശുചിമുറികളുമാണുള്ളത്. ചൂടുവെള്ളം, വൈഫൈ, സിസിടിവി എന്നിവയും ഇവിടെ ഉണ്ട്. രാത്രി 10 മുതൽ രാവിലെ 6 വരെ പ്രത്യേക പാക്കേജായി സ്ലീപ്പിങ് പോഡിനു 600 രൂപയും സ്ലീപ്പിങ് കാപ്സ്യൂളിനു 350 രൂപയുമാണ്. താമസിക്കുന്നവർ ആധാർ കാർഡാണ് രേഖയായി കരുതേണ്ടത്. മുൻകൂറായി വിളിച്ച് താമസസൗകര്യം ബുക്ക് ചെയ്യാവുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബുക്കിംഗിന് 8129689996 എന്ന നമ്പറിൽ ബന്ധപ്പെടാം.


No comments