അർജുൻ പാണ്ഡ്യന്റെ പെട്ടെന്നുള്ള സ്ഥലംമാറ്റം നിയമവിരുദ്ധമെന്ന് ; സർക്കാരിന് നിവേദനം നൽകി മൂവ്മെന്റ് ഫോർ ബെറ്റർ േകരള
കാസർകോട് ∙ കലക്ടറായിരുന്ന അർജുൻ പാണ്ഡ്യന്റെ പെട്ടെന്നുള്ള സ്ഥലംമാറ്റം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മൂവ്മെന്റ് ഫോർ ബെറ്റർ േകരള (എംബികെ) കാസർകോട്, സർക്കാരിന് നിവേദനം നൽകി. അർജുൻ പാണ്ഡ്യൻ ഏപ്രിൽ ഒന്നിനാണ് ചുമതലയേറ്റത്. കേവലം അഞ്ചര മാസത്തിനകം സംസ്ഥാന കൃഷി വകുപ്പ് ഡയറക്ടറായാണ് സ്ഥലംമാറ്റിയത്. ഹ്രസ്വകാലയളവിൽ കലക്ടറെ മാറ്റിയത് 2013ലെ ടി.എസ്.ആർ.സുബ്രഹ്മണ്യൻ കേസിലെ സുപ്രീം കോടതി വിധിയും, തുടർന്ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഐഎഎസ് (കേഡർ) ഭേദഗതി ചട്ടം, 2014 അനുശാസിക്കുന്ന 2 വർഷത്തെ കുറഞ്ഞ കാലാവധിയെന്ന മാനദണ്ഡത്തിനുമമ വിരുദ്ധമാണെന്ന് എംബികെ ചൂണ്ടിക്കാട്ടുന്നു.
സിവിൽ സർവീസസ് ബോർഡ് (സിഎസ്ബി) ശുപാർശയില്ലാതെ ഇത്തരം സ്ഥലംമാറ്റങ്ങൾ പാടില്ലെന്ന് കേന്ദ്ര ഭരണ ട്രൈബ്യൂണൽ (സിഎടി) വ്യക്തമാക്കിയിട്ടുണ്ടെന്ന് എംബികെ പറയുന്നു. സ്ഥലംമാറ്റത്തിന് സിവിൽ സർവീസസ് ബോർഡിന്റെ ശുപാർശയുണ്ടായിരുന്നോ എന്നറിയാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷയും നൽകി. വിഷയം പുനഃപരിശോധിക്കണമെന്നും, കലക്ടർ തസ്തികയിൽ കുറഞ്ഞ കാലാവധി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകുകയും മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടൽ വഴി പകർപ്പ് സമർപ്പിക്കുകയും ചെയ്തു.
ഹ്രസ്വകാല ഭരണത്തിനിടയിലും ജില്ലയ്ക്ക് ഗുണകരമായ സംരംഭങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടിരുന്നെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.


Post a Comment