JHL

JHL

ദേശീയപാത ഫുട്ട് ഓവർ ബ്രിഡ്ജ്(മേൽ നടപ്പാത) നിർമ്മാണം വൈകുന്നു: വിദ്യാർത്ഥികൾ അടക്കമുള്ളവർ ദുരിതത്തിൽ

കാസർഗോഡ്.യാത്രാ ദുരിതം നേരിടുന്ന സ്ഥലങ്ങളിൽ ദേശീയപാതയ്ക്ക് കുറുകെ പ്രധാന ഇടങ്ങളിൽ ഫുട്ട് ഓവർ ബ്രിഡ്ജ്(മേൽ നടപ്പാത) നിർമ്മിക്കുമെന്ന ദേശീയപാത അതോറിറ്റി തീരുമാനം വൈകുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യധാര രാഷ്ട്രീയപാർട്ടികളും, ജനപ്രതിനിധികളും തലപ്പാടി-ചെങ്കള റീച്ച്  ദേശീയപാതയുടെ പത്തോളം സ്ഥലങ്ങളിൽ മേൽപ്പാലങ്ങൾക്ക് അനുമതി ലഭിച്ചതായി കാണിച്ച് പത്രക്കുറിപ്പുകളും, പ്രസ്താവനകളും ഇറക്കിയിരുന്നു. ഇതൊക്കെ വോട്ട് തട്ടാനുള്ള തിരഞ്ഞെടുപ്പ് സ്റ്റണ്ടായിരുന്നുവെന്നാണ് ഇപ്പോൾ നാട്ടുകാരുടെ ആക്ഷേപം.

 ദേശീയപാത നിർമ്മാണവും, അനുബന്ധ നിർമ്മാണങ്ങളും മൂലം വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്കും, നാട്ടുകാർക്കും വലിയ ദുരിതമാണ് ഉണ്ടാക്കിയിട്ടുള്ളത്. നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച വൻ മതിലുകളാണ് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടായത്. നഗരങ്ങളിലും, പ്രധാനപ്പെട്ട സ്ഥലങ്ങളിലും ദേശീയപാത മേൽപ്പാലം വഴി നിർമ്മിക്കണമെന്ന് നിർമ്മാണ സമയത്ത് തന്നെ നാട്ടുകാർ ആവശ്യപ്പെട്ടതുമാ ണ്.ഇത് അധികാരികൾ ചെവി കൊള്ളാത്തതിന്റെ ദുരിതമാണ് ഇപ്പോൾ നാട്ടുകാർ അനുഭവിക്കുന്നത്. തലപ്പാടി-ചെങ്കള റിച്ചിൽ ഉപ്പളയിലും, കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിലുമാണ് മേൽപ്പാലങ്ങൾ വഴി ദേശീയപാത നിർമ്മാണം അനുവദിച്ചത്.മറ്റു  സ്ഥലങ്ങളിലൊക്കെ രണ്ട് പ്രദേശങ്ങളായി വേർതിരിച്ചു മതിൽ കെട്ടിയായിരുന്നു നിർമ്മാണം.ഇത് വലിയ പ്രതിഷേധങ്ങൾക്കും വഴി വെച്ചിരുന്നു. അടിപ്പാതയും, മേൽപ്പാതയും ഇല്ലാത്ത സ്ഥലങ്ങളിൽ വിദ്യാർഥികൾ സ്കൂളിൽ എളുപ്പത്തിൽ എത്താൻ ദേശീയപാതയുടെ മതിൽ ചാടുന്നതായി പരാതി ഉയർന്നിരുന്നു. ഇത് വലിയ അപകടത്തിന് കാരണമാകുമെന്ന് രക്ഷിതാക്കളും പിടിഎയും ഭയക്കുന്നുമുണ്ട്.ഈ ആശങ്കയ്ക്ക് പരിഹാരം കാണാനായിരുന്നു പിന്നീട് മേൽപ്പാലങ്ങൾ നിർമ്മിക്കുമെന്ന അറിയിപ്പ് ഉണ്ടായത്.

 ഇത് സംബന്ധിച്ച് ഫെബ്രുവരി മാസം തലപ്പാടി-ചെങ്കള റീച്ചിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ സ്ഥലങ്ങൾ മൊഗ്രാൽ പെർവാഡ് സ്വദേശി ഫിർഷാദ് കോട്ട രേഖാമൂലം ദേശീയപാത കണ്ണൂർ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ കിട്ടിയ വിവരമനുസരിച്ച് ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളായ നുള്ളിപ്പാടി, അടുക്കത്ത് ബയൽ, സിപിസിആർഐ, മൊഗ്രാൽപുത്തൂർ കുന്നിൽ,മാവിനകട്ട, ആരിക്കാടി കടവത്ത്,ഷിറിയ കുന്നിൽ,ഗോവിന്ദ പൈ മെമോറിയൽ  കോളേജ് തുടങ്ങിയ സ്ഥലങ്ങളിൽ മേൽ നടപ്പാത സ്ഥാപിക്കുമെ ന്നായിരുന്നു പറഞ്ഞിരുന്നത്. ഇവിടങ്ങളിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി ഉള്ളതിനാൽ നടപടി ത്വരിത പ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിരുന്നു. പ്രഖ്യാപനം വന്ന്  ആറുമാസം പിന്നിട്ടിട്ടും പ്രാരംഭനടപടികൾ പോലും തുടങ്ങിയിട്ടില്ലെന്ന ആക്ഷേപം ഇപ്പോൾ നാട്ടുകാർക്കുണ്ട്.ഇനി ലോക്സഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണോ എന്നും നാട്ടുകാർ ചോദിക്കുന്നുമുണ്ട്.വിഷയത്തിൽ ജില്ലാ ഭരണകൂടവും, ജനപ്രതിനിധികളും അടിയന്തിര ഇടപെടൽ നടത്തണമെന്നാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം.

No comments