JHL

JHL

ഉപ്പള മേഖല സംയുക്ത ജമാഅത്ത് ഖാസിയായി കൊയ്യോട് ഉമർ മുസ്ലിയാർ; സ്ഥാനാരോഹണ സംഗമം 19ന്

ഉപ്പള: ഉപ്പള മേഖല സംയുക്ത ജമാഅത്ത് ഖാസിയായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കൊയ്യോട് പി.പി. ഉമർ മുസ് ലിയാരുടെ സ്ഥാനാരോഹണം
19ന് വ്യാഴാഴ്ച രാവിലെ 10ന് ഉപ്പള അഹ്‌ലേ സുന്നത്ത് ഹനഫി ജാമിഅ മസ്ജിദ് അങ്കണത്തിൽ കെ. ആലിക്കുട്ടി ഉസ്താദ് നഗറിൽ  നടക്കുമെന്ന് സംയുക്ത ജമാഅത്ത് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
മുൻ ഖാസിയായിരുന്ന പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് കൊയ്യോട് പി.പി. ഉമർ മുസ് ലിയാരെ നിയമിച്ചത്. 
സമസ്തയുടെ സമുന്നത നേതാവും പ്രമുഖ പണ്ഡിതനുമായ കൊയ്യോട് പി.പി. ഉമർ മുസ്ലിയാർ വിവിധ ഉന്നത മതകലാലയങ്ങളുടെ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുതിയ ഖാസിയുടെ നേതൃത്വത്തിൽ മേഖലയിലെ മഹല്ല് ജമാഅത്തുകളുടെ ഏകോപനത്തിനും മത-സാമൂഹിക രംഗങ്ങളിലെ പ്രവർത്തനങ്ങൾക്കും കൂടുതൽ കരുത്തുപകരാൻ കഴിയുമെന്ന് സംയുക്ത ജമാഅത്ത് ഭാരവാഹികൾ അറിയിച്ചു.
സ്ഥാനാരോഹണ സംഗമത്തിൽ സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ, സംയുക്ത ജമാഅത്ത് രക്ഷാധികാരി സയ്യിദ് കെ.എസ്. അലി തങ്ങൾ കുമ്പോൽ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് എം.എസ്. തങ്ങൾ തുടങ്ങിയ പണ്ഡിതരും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് സിറാജുദ്ദീൻ ഫൈസി ചേരാൽ, സെക്രട്ടറി ടി.എ. മൂസ പത്വാടി, ട്രഷറർ അബ്ദുൽ മജീദ് ദാരിമി പയ്യക്കി, വർക്കിങ് സെക്രട്ടറി ഉമർ രാജാവ് ബന്തിയോട്, വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അറബി, ജോയിന്റ് സെക്രട്ടറി അബ്ദുൽ ജബ്ബാർ പള്ളം സംബന്ധിച്ചു.

No comments