JHL

JHL

പുതിയ കാലത്തെ പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ച് ഭാവിയിലേക്ക് കൂടുതല്‍ കരുത്തോടെ കുതിക്കുമെന്ന പ്രഖ്യാപനത്തോടെ സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ശക്തി പ്രകടനത്തോടെ സമാപനം

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കാലങ്ങളായി കൈവശമുണ്ടായിരുന്ന രണ്ട് മണ്ഡലങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും സി.പി.എമ്മിന്റെ അടിത്തറക്ക് ജില്ലയില്‍ ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു രണ്ട് ദിവസം നീണ്ട കാസര്‍കോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് സമാപനം കുറിച്ച് ഇന്നലെ വിദ്യാനഗറില്‍ നടന്ന റാലിയും പൊതുസമ്മേളനവും.

പുതിയ കാലത്തെ പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ച് ഭാവിയിലേക്ക് കൂടുതല്‍ കരുത്തോടെ കുതിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് സമ്മേളനം സമാപിച്ചത്. കാസര്‍കോട് ഗവ. കോളേജ് പരിസരത്ത് നിന്ന് ആയിരങ്ങള്‍ പങ്കെടുത്ത വന്‍ ബഹുജന റാലിയും പൊതുസമ്മേളനവും പ്രവര്‍ത്തകരില്‍ ആവേശം നിറക്കുന്നതിനൊപ്പം ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സംഘടനാശേഷിയും കരുത്തും വിളിച്ചോതുന്നതായിരുന്നു.
വി.എസ് അച്യുതാനന്ദന്‍ നഗറില്‍ നടന്ന സമാപന പൊതുസമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. നിലവില്‍ വന്ന് ചുരുങ്ങിയ കാലയളവില്‍ തന്നെ ജനദ്രോഹമല്ലാത്ത ഒരു നിലപാട് എടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി എം. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. തോമസ് ഐസക്, പി. സതീദേവി, എം.വി ജയരാജന്‍, പി. ജയരാജന്‍, പി.കെ ബിജു, കെ.പി സതീശ് ചന്ദ്രന്‍, സി.എച്ച് കുഞ്ഞമ്പു, പി. കരുണാകരന്‍, എം.വി ബാലകൃഷ്ണന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.
വര്‍ഗീയതക്കെതിരെ ജാഗ്രത പാലിക്കാനും വടക്കന്‍ മേഖലയിലെ പാര്‍ട്ടിയെ ശാക്തീകരിക്കാനും ജില്ലാ വിപുലീകൃത യോഗത്തില്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പിലെ തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ജില്ലയില്‍ സംഘടനാരീതികള്‍ കൂടുതല്‍ ജനകീയവും ശക്തവുമാക്കാനും തീരുമാനമുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ച ഗൗരവമായി പരിശോധിച്ച പാര്‍ട്ടി, പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കി.
ജനങ്ങളുമായുള്ള ബന്ധം ശക്തമാക്കാന്‍ പ്രതിമാസ ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തും. നേതാക്കളുടെ സ്വത്തുവിവരങ്ങളും അടുത്ത മാസം പരിശോധിക്കും.
1975 ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം സജീവമാക്കുകയും ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് പ്രത്യേക രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുകയും ചെയ്യും. വടക്കന്‍മേഖലയില്‍ കന്നഡ ഡിജിറ്റല്‍ പ്രചാരണം ശക്തമാക്കും. വര്‍ഗീയതയെ ചെറുക്കാന്‍ സാംസ്‌കാരിക കൂട്ടായ്മകളും ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും തീരുമാനിച്ചു. ജില്ലാ കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാക്കളായി പി. മണിമോഹന്‍, ടി.കെ ചന്ദ്രമതി, കെ. സബീഷ്, എം.വി രതീഷ്, സി. രാമചന്ദ്രന്‍, പി. കുഞ്ഞിക്കണ്ണന്‍ എന്നിവരെ പുതുതായി ഉള്‍പ്പെടുത്തി.

No comments