ആണ്ടവന്റെ നാമത്തിൽ ഇനി ഇളയ ദളപതി കാവലാൾ; വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റു
ചെന്നൈ: നാളുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ദ്രാവിഡകഴകത്തിന്റെ ഭാഗമല്ലാത്ത ഒരു കക്ഷി അധികാരത്തിലേറുന്നു എന്ന ചരിത്രപരമായ പ്രത്യേകതയും പുതിയ സർക്കാരിനുണ്ട്. വിജയ്ക്ക് ഒപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
ഒരു തവണ പോലും എഴുതി വച്ചിരിക്കുന്ന സത്യവാചകം നോക്കാതെയായിരുന്നു വിജയ് സത്യപ്രതിജ്ഞയുടെ ആദ്യ ഭാഗം പൂർത്തിയാക്കിയത്. സിനിമാ സ്റ്റൈലിൽ തന്നെയായിരുന്നു സത്യപ്രതിജ്ഞ ചൊല്ലിയതും. വിജയ് സ്വന്തം പേര് പറഞ്ഞപ്പോൾ തന്നെ ജനങ്ങളുടെ ആരവത്തിൽ മറ്റു ശബ്ദങ്ങളെല്ലാം മുങ്ങിപ്പോയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധിയും വിജയ്‌യുടെ തൊട്ടടുത്ത് തന്നെ ഇരുന്നത് ശ്രദ്ധേയമായി.
ദ്രാവിഡകഴകങ്ങളുടെ സ്വജനപക്ഷപാതവും അഴിമതിയും മൂലം പൊറുതിമുട്ടിയ ഒരു ജനതയുടെ അംഗീകാരമാണ് പുതിയ സർക്കാരിനുള്ള ഇന്ധനം. താരമൂല്യത്തിനപ്പുറം ലഹരിക്ക് എതിരെയുള്ള കർശന നിലപാട് വിജയ്‌യെ സ്ത്രീകൾക്കിടയിൽ അഭിമതനാക്കി. വിജയ്‌യുടെ തെരഞ്ഞെടുപ്പ് റാലികളിലെല്ലാം മണിക്കൂറുകളോളം കാത്തുനിൽക്കുന്ന സ്ത്രീകളുടെ വൻ നിര സ്ഥിരം കാഴ്ചയായിരുന്നു. മാറ്റത്തിനു വേണ്ടിയുള്ള തമിഴ്നാട്ടിലെ സാധാരണക്കാരുടെ അടങ്ങാത്ത ആഗ്രഹം വിജയ്‌യിലൂടെ പൂർത്തീകരിക്കപ്പെടുകയാണ്.
വിജയ് കഴിഞ്ഞ ദിവസം സഖ്യകക്ഷി നേതാക്കൾക്കൊപ്പം ലോക്ഭവനിലെത്തി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കുകയായിരുന്നു. ഭൂരിപക്ഷമുണ്ടെന്ന് ബോധ്യമായതോടെ ഗവർണർ ആർലേക്കർ അദ്ദേഹത്തെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചു. എന്നാൽ, മുമ്പ് മൂന്ന് തവണ ലോക്ഭവനിൽ എത്തിയപ്പോഴും ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ഗർവർണർക്ക് തൃപ്തിയില്ലായിരുന്നു
തമിഴ്നാട്ടിലെ 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയാണ് വിജയ്‌യുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്നാൽ, കേവല ഭൂരിപക്ഷത്തിന് 118 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കേണ്ടിയിരുന്നു. രണ്ട് സീറ്റുകൈൽ നിന്ന് ജയിച്ച വിജയ്ക്ക് ഒരു സീറ്റ് രാജിവയ്ക്കേണ്ടിവരും. അപ്പോൾ ടിവികെയുടെ നമ്പർ 107 ആയി ചുരുങ്ങും. അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് ഡിഎംകെ പാളയം വിട്ട് ടിവികെയ്ക്ക് പിന്തുണ നൽകി. എന്നാൽ, ഡിഎംകെ നേതാവ് സ്റ്റാലിന്റെ പരോക്ഷ പിന്തുണയോടെ രണ്ട് വീതം സീറ്റുകൾ ഉള്ള സിപിഎം, സിപിഐ, മുസ്ലീംലീഗ് എന്നിവരും വിജയ്ക്ക് പിന്തുണ നൽകിയതോടെയാണ് സർക്കാർ രൂപീകരണം യാഥാർത്ഥ്യമായത്.



Post a Comment