JHL

JHL

കെട്ടിടമായി, അടിസ്ഥാന സൗകര്യമായില്ല:കുമ്പള മത്സ്യമാർകറ്റ് എന്ന് തുറന്നു കൊടുക്കും..?

കുമ്പള.കുമ്പള നഗരത്തിൽ പുതുക്കിപ്പണിത മത്സ്യമാർക്കറ്റ് ഇനിയും തുറന്നു കൊടുക്കാൻ നടപടിയായില്ല. അത്യാധുനിക സൗകര്യങ്ങളോടെ ലക്ഷങ്ങൾ ചെലവഴിച്ചാണ് മത്സ്യമാർക്കറ്റ് പുതുക്കിപ്പണിത ത്.കെട്ടിട നിർമ്മാണത്തിന്റെ ജോലികൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്.മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കാലതാമസം നേരിടുന്നതാണ് തുറന്നു കൊടുക്കുന്നതിന് തടസ്സമായി നിൽക്കുന്നത്.

 കെട്ടിടം കുമ്പള ടൗണിൽ നോക്കുകുത്തിയായി നിൽക്കുന്നു.മുൻവർഷം നിറയെ മാലിന്യങ്ങൾ കൂട്ടിയിട്ട നിലയിലുമാണ്. മലിന ജലവും ഒഴുകുന്നുണ്ട്.മത്സ്യ മാർക്കറ്റിലെ മലിനജലം ഒഴുക്കി വിടാനുള്ള ശാസ്ത്രീയമായ ഓവു ചാൽ സംവിധാനം ഇതുവരെ തയ്യാറായിട്ടില്ല. നിലവിലുള്ള ചെറിയ ഓവുചാൽ സംവിധാനം മത്സ്യമാർഗ്ഗത്തിന് അപര്യാപ്തമാണെന്ന് മത്സ്യ വില്പന തൊഴിലാളികൾ പറയുന്നു. ഇതിൽ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധവും വമിക്കുന്നുണ്ട്.ഇത് തൊട്ടടുത്ത വ്യാപാരികൾക്ക് ദുരിതവുമാവുന്നുണ്ട്. തൊഴിലാളികൾക്കുള്ള ശുചിമുറി, ശുചീകരണത്തിനുള്ള ശുദ്ധജലം,വെളിച്ചം ഇതൊക്കെ പൂർണമായും ഒരുക്കിയാലേ കെട്ടിടം തുറന്നുകൊടുക്കാൻ കഴിയുകയുള്ളൂ.ഈ നടപടികളിൽ കാലതാമസം നേരിടുന്നത് പഞ്ചായത്തിന്റെ അനാസ്ഥയാണെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.

 മത്സ്യ വില്പന തൊഴിലാളികൾ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലും,റോഡ് വക്കിലും മത്സ്യ വില്പന നടത്തുന്നത് പൊതുജനത്തിനും,വ്യാപാരികൾക്കും പ്രയാസമുണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മത്സ്യ മാർക്കറ്റ് അത്യാധുനിക സൗകര്യങ്ങളോടെ കാസറഗോഡ് വികസന പാക്കേജിലൂടെ 1.1കോടി രൂപാ ചിലവഴിച്ചാണ് പുതുക്കി പണിതത്.ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.നേരത്തെ ഉണ്ടായിരുന്ന മത്സ്യമാർക്കറ്റ് പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം പണിതത്. മത്സ്യം,ഇറച്ചി,പച്ചക്കറി വില്പനകൾ ഒരേ കുടക്കീഴിൽ കൊണ്ടുവരാനുള്ള പദ്ധതിയായിരുന്നു ഇത്.എന്നാൽ നിലവിലെ കെട്ടിടം മത്സ്യത്തൊഴിലാളികൾക്കു മുഴുവനായും മത്സ്യ വില്പന നടത്താൻ തികയില്ലെന്ന് മത്സ്യത്തന തൊഴിലാളികൾ പറയുന്നുണ്ട്. മത്സ്യമാർക്കറ്റ് തുറന്നു കൊടുക്കുന്നതിൽ ചില സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പറയുന്നുണ്ട്. തടസ്സങ്ങൾ നീക്കി എത്രയും പെട്ടെന്ന് മാർക്കറ്റ് തുറന്നുകൊടുക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരും, വ്യാപാരികളും ആവശ്യപ്പെടുന്നത്.




No comments