JHL

JHL

കാസർഗോഡിനെ കർണാടകയോട് ചേർക്കണമെന്ന പ്രസ്താവന ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത്: ഭരണഭാഷാ സംരക്ഷണ സമിതി

ഉപ്പള : കാസർഗോഡ് ജില്ലയെ കർണാടകയിൽ ലയിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡോ. ബന്നാരി നടത്തിയ പ്രസ്താവനയോട് ഭരണഭാഷാ സംരക്ഷണ സമിതി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതായി പ്രസിഡന്റ്‌ മെഹ്മൂദ് കൈകമ്പ.

മലയാളം, കന്നഡ, ഉറുദ, തുളു, കൊങ്കണി, മറാത്തി, ബ്യാരി തുടങ്ങി വിവിധ ഭാഷകളും സംസ്കാരങ്ങളും ഒരുമിച്ച് നിലകൊള്ളുന്ന സവിശേഷമായ ഭാഷാ സംഗമഭൂമിയാണ് കാസർഗോഡ് ജില്ല. പ്രത്യേകിച്ച് മഞ്ചേശ്വരം താലൂക്കും അതിർത്തി പ്രദേശങ്ങളും നൂറ്റാണ്ടുകളായി ബഹുഭാഷാ സഹവർത്തിത്വത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും മാതൃകയാണ്.

കാസർഗോഡിന്റെ ഭാഷാ വൈവിധ്യത്തെ ഒരു വിഭജനത്തിനുള്ള കാരണമായി കാണുന്നതിന് പകരം അതിന്റെ ഏറ്റവും വലിയ സാംസ്കാരിക സമ്പത്തായി കാണുകയാണ് വേണ്ടത്. ഇവിടെ കന്നഡ സംസാരിക്കുന്നവരും തുളു സംസാരിക്കുന്നവരും കൊങ്കണി സംസാരിക്കുന്നവരും മലയാളം സംസാരിക്കുന്നവരും ഉൾപ്പെടെ എല്ലാ ഭാഷാ വിഭാഗങ്ങൾക്കും തുല്യമായ അവകാശങ്ങളും പരിഗണനയും ലഭിക്കണം.

ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതോടൊപ്പം മലയാള ഭാഷയ്ക്കും കാസർഗോഡിന്റെ തനതായ ഭാഷാ-സാംസ്കാരിക പൈതൃകത്തിനും അർഹമായ സംരക്ഷണം ഉറപ്പാക്കുകയും വേണം.

ഒരു വ്യക്തിയുടെ പ്രസ്താവനയുടെ പേരിൽ ജനങ്ങൾക്കിടയിൽ അനാവശ്യമായ ആശയക്കുഴപ്പവും വിഭാഗീയതയും സൃഷ്ടിക്കപ്പെടുന്നത് ഒഴിവാക്കണം. കാസർഗോഡിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ചരിത്രപരമായ വസ്തുതകളുടെയും ഭരണഘടനാപരമായ സംവിധാനങ്ങളുടെയും ജനാധിപത്യപരമായ സംവാദങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം.

കാസർഗോഡ് കേരളത്തിന്റെ അവിഭാജ്യ ഭാഗമാണ്. ഭാഷാ വൈവിധ്യം വിഭജനത്തിനുള്ള കാരണമല്ല, മറിച്ച് ഐക്യത്തിനുള്ള അടിത്തറയാണ്. എല്ലാ ഭാഷാ വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് കേരളത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കണമെന്നാണ് ഭരണഭാഷാ സംരക്ഷണ സമിതിയുടെ നിലപാട്.



No comments