വെൽഫെയർ പാർട്ടി പിന്തുണ യു.ഡി.എഫിന്
സംഘ്പരിവാറിന്റെ വിദ്വേഷ-വംശീയ രാഷ്ട്രീയത്തിൽ ആകൃഷ്ടരാകുന്ന തങ്ങളുടെ അണികളെ പിടിച്ചുനിർത്താൻ സംഘ്പരിവാറിന്റെ അതേ ഭാഷയിലും ശൈലിയിലും പ്രവർത്തിക്കുന്ന രീതിയാണ് കുറെ നാളുകളായി ഇടതുപക്ഷം സ്വീകരിക്കുന്നത്. ഇതിലൂടെ സംഘ്പരിവാറിന്റെയും ഇടതുപക്ഷത്തിന്റെയും രാഷ്ട്രീയ പ്രചാരണങ്ങൾ സമാനമാണ്. ഇടതുപക്ഷം രൂപപ്പെടുത്തിയ വിദ്വേഷ പദ്ധതികളാണ് ഇപ്പോൾ കേരളത്തിൽ സംഘ്പരിവാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്നത്.
ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിൽ നിലനിർത്തി, തങ്ങൾക്ക് അനുകൂലമായ സാമൂഹികാന്തരീക്ഷം കേരളത്തിൽ വളർത്തിയെടുക്കാനുള്ള സംഘ്പരിവാർ പദ്ധതി പരാജയപ്പെടുത്തുന്നതിന് തെരഞ്ഞെടുപ്പിനെ കേരളീയ ജനത ഉപയോഗിക്കണമെന്ന് വെൽഫെയർ പാർട്ടി ആഹ്വാനം ചെയ്തു.
സംഘപരിവാർ രാജ്യത്ത് രാഷ്ട്രീയ അധികാരം നേടിയെടുത്തത് ഒറ്റയടിക്കല്ല, പലതരം തന്ത്രങ്ങളിലൂടെ ഘട്ടംഘട്ടം ആയിട്ടാണ്. കേരളത്തിന്‍റെ സാമൂഹിക ഘടനയും രണ്ട് മതനിരപേക്ഷ മുന്നണികളുടെ സാന്നിധ്യവുമാണ് കേരളത്തിൽ സംഘപരിവാറിന്റെ രാഷ്ട്രീയ സ്വാധീനത്തെ തടയുന്ന സുപ്രധാനമായ രണ്ട് പ്രതിരോധങ്ങൾ. ഈ രണ്ടു പ്രത്യേകതകളെയും തകർക്കാനുള്ള പരിശ്രമങ്ങളാണ് പത്തു വർഷമായി കേരളത്തിൽ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പിക്കെതിരെ കേരളത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ഏറ്റവും ശക്തമായ പ്രതിരോധം ന്യൂനപക്ഷ വിഭാഗങ്ങളുടെ ഐക്യമാണ്. ഈ ഐക്യം തകർക്കാനാണ് ഏറെക്കാലമായി സംഘപരിവാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
മുസ്‌ലിം-ക്രൈസ്തവ സൗഹൃദവും യോജിപ്പും തകർക്കാൻ പ്രത്യേകമായ ശ്രമം നടത്തുന്നു. ഹിന്ദു സമൂഹത്തിൽ മുസ്ലിം ഭയം സൃഷ്ടിച്ച് അത്തരം ജനവിഭാഗങ്ങളെ തങ്ങൾക്ക് അനുകൂലമാക്കാനും ശ്രമിക്കുന്നു. ഇതിനായി അവർ ലൗജിഹാദ്, നാർക്കോട്ടിക് ജിഹാദ്, വഖ്ഫ് നിയമത്തെ കുറിച്ചുള്ള ഭീതി എന്നിവ സൃഷ്ടിച്ചു. കേരളത്തിലെ ഹിന്ദു സമൂഹവും മുസ്‌ലിം സമൂഹവും തമ്മിൽ നിലനിൽക്കുന്ന ഇഴയടുപ്പം തകർക്കുന്നതിന് വെള്ളാപ്പള്ളി നടേശനെ പോലെയുള്ള സംഘപരിവാർ അനുകൂലികളെ നിയോഗിക്കുകയും ചെയ്തു. ഈ നിലക്ക് സംഘപരിവാർ നടത്തിയ എല്ലാത്തരം പ്രവർത്തനങ്ങൾക്കും കേരളത്തിലെ ഇടതു സർക്കാറിൽനിന്ന് പ്രോത്സാഹജനകമായ സമീപനമാണ് ഉണ്ടായത് എന്ന കാര്യം കേരളം നേരിൽ കണ്ടതാണ്.
പ്രബലമായ രണ്ട് മതനിരപേക്ഷ ചേരി എന്ന പ്രതിരോധം തകർത്ത് രണ്ടിൽ ഒരു കക്ഷി എന്ന പൊസിഷനിലേക്ക് പ്രവേശിക്കുകയും ഭാവിയിൽ ഏറ്റവും വലിയ കക്ഷിയായി മാറുകയും ചെയ്യുക എന്ന ദീർഘകാല പദ്ധതിയാണ് ബി.ജെ.പി തയാറാക്കിയിരിക്കുന്നത്. 2016ൽ അധികാരത്തിൽ എത്തിയ ഇടതു ഭരണത്തിൽ തങ്ങളുടെ താൽപര്യങ്ങൾ നടപ്പാക്കാൻ അവസരം ലഭ്യമായതോടെ യു.ഡി.എഫിനെ ഇല്ലാതാക്കി ആ സ്ഥാനത്തേക്ക് പടിപടിയായി കടന്നു വരിക എന്ന തന്ത്രമാണ് സംഘ്പരിവാർ സ്വീകരിച്ചത്. ഇടതുപക്ഷത്തിന് അധികാര തുടർച്ച നൽകി യു.ഡി.എഫിനെ ഇല്ലാതാക്കാനും ഭരണത്തുടർച്ച ലഭിച്ച മറ്റ് സംസ്ഥാനങ്ങളിൽ സംഭവിച്ചത് പോലെ ഇടതുപക്ഷത്തിന് ഉണ്ടാകാൻ പോകുന്ന തകർച്ചയെ ഉപയോഗപ്പെടുത്തി കേരളത്തിലെ പ്രധാന രാഷ്ട്രീയ ചേരിയായി മാറാനുമുള്ള ദീർഘകാല പദ്ധതിയാണ് സംഘപരിവാർ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഈ പദ്ധതിയുടെ താൽക്കാലിക ഗുണഭോക്താവായി മാറാനാണ് കേരളത്തിലെ ഇടതുപക്ഷം ഇപ്പോൾ ശ്രമിക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, വൈസ് പ്രസിഡന്‍റ് കെ.എ. ഷഫീക്ക് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment