JHL

JHL

മാമ്പഴക്കാലം വരവായി: പൂത്തുലഞ്ഞു മാവുകൾ

കാസർഗോഡ്.വിവിധ ഇനം മാമ്പഴ വിപണിയുടെ കാലം വരവായി. മാവുകളൊക്കെ പൂത്തുലഞ്ഞു വിളവെടുപ്പിന് കാത്തിരിക്കുന്നു.വിവിധ സ്ഥലങ്ങളിലെ നാട്ടുമാമ്പഴം  പഴുപ്പിച്ചെടുത്ത് വിപണിയിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇനിയുള്ള നാളുകൾ മാമ്പഴത്തിന്റെതാണ്.
 കാസർകോട്ട് നാടൻ മാമ്പഴമായ നാട്ടുമാങ്ങയ്ക്ക് വലിയ ഡിമാൻഡാണുള്ളത്. കൂടുതൽ മാമ്പഴം വിപണിയിൽ എത്തുമ്പോൾ വിലയും കുറയും.സ്വാദിഷ്ടമായ ചെറുതും,വലുതും മാമ്പഴങ്ങൾ വിലക്കുറവിൽ കിട്ടാറാണ് പതിവ്. ഈ വർഷം കാലാവസ്ഥയിൽ വലിയ പരാതികളൊന്നുമില്ലാ ത്തതിനാൽ ഉൽപാദനം കൂടിയിട്ടുണ്ടെന്ന് കർഷകർ പറയുന്നുണ്ട്. റംസാൻ കഴിഞ്ഞാൽ വിളവെടുപ്പ് നടത്താനാണ് പദ്ധതി.

 കണ്ണൂരിൽ നിന്ന് വരുന്ന കുറ്റിയാട്ടൂർ മാമ്പഴവും ഗോഡൗണുകളിൽ പഴുപ്പിക്കാനായി വെച്ചിട്ടുണ്ട്.ഒരിക്കൽ രുചിച്ചാൽ പിന്നീട് ഈ മാമ്പഴത്തിന്റെ രുചി ആരും മറക്കില്ല. അങ്ങിനെ പേരുകേട്ടതാണ് കുറ്റിയാട്ടൂർ മാമ്പഴം. ഇതിന് നമ്പ്യാർ മാങ്ങയെന്നും വിളിപ്പേരുണ്ട്.ഈ മാസം അവസാനമാകുമ്പോഴേക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വരുന്ന മാമ്പഴങ്ങൾ വിപണിയിൽ സ്ഥാനം പിടിക്കും.മാമ്പഴ പ്രേമികൾക്ക് വിലയൊന്നും പ്രശ്നമല്ല. അവർക്ക് സ്വാദിഷ്ടമായ മാമ്പഴം കിട്ടിയിരിക്കണം.

 മഹാരാഷ്ട്രയിൽ നിന്ന് വരുന്ന രത്നഗിരി  "അൽഫോൻസോ'' മാങ്ങയാണ് മാങ്ങകളുടെ രാജാവ്.ഇത് മുംബൈയിൽ വലിയ പ്രചാരമുള്ള മാമ്പഴമാണ്.ഇത് കാസർഗോഡ് ജില്ലയിലെ വിപണികളിൽ എത്താറില്ല.വേഗത്തിൽ പഴുക്കുന്ന ഇനം മാമ്പഴമാണ് അൽഫോൻസാ. ആന്ധ്രയിൽ നിന്നുള്ള ബങ്കനപള്ളിയാണ് രണ്ടാമത്.ഇത് കാസർഗോഡ് പഴം വിപണിയിൽ എത്താറുമുണ്ട്.

 ഗുജറാത്തിൽ നിന്നുള്ള കേസർലാം, ഉത്തരേന്ത്യയിൽ നിന്നുള്ള ഗൃദസേരി, പശ്ചിമ ബംഗാളിൽ നിന്നുള്ള ഹിംസാഗർ, ഗോവയിൽ നിന്നുള്ള മൽഗോവ, കർണാടകയിൽ നിന്നുള്ള മല്ലിക, വരാണസിയിൽ നിന്നുള്ള ലാംഗ്ര, ബോംബെ ഗ്രീൻ, സുവർണ്ണ രേഖ, തമിഴ്നാട്ടിൽനിന്നുള്ള നീലം,തോട്ടാപുരി, കേരളക്കരയിൽ നിന്നുള്ള മൂവാണ്ടൻ, പ്രിയൂർ,ഓളൂർ, കപ്പലുമാങ്ങ,ഓറഞ്ച് നിറമുള്ള കർപ്പൂരവരിക്ക, ചന്ദ്രക്കാരൻ തുടങ്ങി 100 ഇനം മാമ്പഴങ്ങളാണ് വിപണിയിലെ ത്താറുള്ളത്.ഇവ വലിപ്പത്തിലും, രുചിയിലും വ്യത്യസ്തങ്ങളാണ്. ഇതിന് പുറമെയാണ് നാട്ടുമാമ്പഴങ്ങളും വിപണിയിൽ ഇടം പിടിക്കുന്നത്.

 ഒരുകാലത്ത് കാസർഗോഡ് ജില്ലയിലെ മൊഗ്രാൽപുത്തൂരിൽ കണ്ടുവരാറുള്ള "മൊഗ്രാൽ മാമ്പഴവും"ഏറെ  പേര് കേട്ടതായിരുന്നു.ഇതിന് പിന്നീട് വംശനാശം സംഭവിച്ചുവെന്നാണ് പറയുന്നത്.പഴയ ദേശീയപാതയോരത്ത് നിറയെ ഈ നാട്ടുമാങ്ങ മരങ്ങളായിരുന്നു. ദേശീയപാത വികസനവുമായി മരങ്ങൾക്കൊക്കെ കോടാലി വീണതോടെ ഈ രുചിയൂറും മാമ്പഴം ഓർമ്മയായി.

 മാമ്പഴങ്ങളിൽ നിന്നുള്ള പൾപ്പ് ജ്യൂസിനങ്ങളിൽ ഒന്നാമനാണ്.ഇവ കൂടാതെ സിറപ്പ്, സ്ക്വാഷ്,അച്ചാറുകൾ തുടങ്ങിയ മാമ്പഴ ഉൽപ്പന്നങ്ങൾക്കും വിപണിയിൽ ആവശ്യക്കാരെ ഏറെയാണ്.



No comments