കുമ്പളയിലെ വൈദ്യുതി പ്രതിസന്ധി: പ്രതിഷേധം കടുക്കുന്നു
കുമ്പള.കുമ്പളയിലെ വൈദ്യുതി തടസ്സത്തിൽ പ്രതിഷേധവുമായി മൊഗ്രാൽ ഗ്രീൻ സ്റ്റാറും,വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് സെക്രട്ടറിയും രംഗത്ത്.
റംസാൻ വൃതാരംഭം തുടങ്ങിയത് മുതൽ ഇന്ന് വരെ കുമ്പളയിൽ വൈദ്യുതി തടസ്സം നേരിടുന്നു. ഈ കാലയളവിൽ എല്ലാ വർഷത്തെയും കഥ ഇതുതന്നെയാണ്.ഇത് മൂലം വിശ്വാസി സമൂഹം ഏറെ ദുരിതം നേരിടുകയാണ്. വൈദ്യുതി മുടക്കത്തിനൊപ്പം അപ്രഖ്യാപിത ലോഡ് ഷെഡ്‌ഡിങ് കൂടിയാകുമ്പോൾ ചൂടുകാലത്ത് നോമ്പനുഷ്ഠിക്കുന്നവർക്ക് ഏറെ പ്രയാസം നേരിടുന്നുണ്ട്.ഇതിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ കുമ്പള കെഎസ്ഇബി സെക്ഷൻ അധികൃതർക്ക് കഴിയുന്നുമില്ല. തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി മൂടക്കത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മൊഗ്രാൽ ഗ്രീൻ സ്റ്റാർ ക്ലബ് പ്രവർത്തകർ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജിക്കോടൊപ്പം കെഎസ്ഇബി ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചു.
റംസാൻ- പെരുന്നാൾ സീസണുകളിൽ വ്യാപാര മേഖലയിൽ വൈദ്യുതി മുടക്കം മൂലം കച്ചവടം ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് സെക്രട്ടറി സത്താർ ആരിക്കാടിയും,യൂത്ത് വിങ് ജില്ലാ സെക്രട്ടറി അഷ്റഫ് സ്കൈലറും പറഞ്ഞു. അറ്റകുറ്റപ്പണികൾ എന്ന പേരിൽ വൈദ്യുതി നിരന്തരമായി കട്ട് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും,പെരുന്നാൾ വിപണി അവസാനിക്കുന്നത് വരെ വൈദ്യുതി മുടങ്ങാതെ ലഭ്യമാക്കാൻ അടിയന്തിര നടപടിക ഉണ്ടാകണമെന്നും വ്യാപാരി നേതാക്കൾ ആവശ്യപ്പെട്ടു.
സീസൺ- ഉത്സവകാലങ്ങളെ കുറിച്ച് മുൻകൂറായി കലണ്ടറുകൾ അടിച്ചിറക്കുന്ന ഈ കാലത്ത് അത്തരം വിശേഷ ദിവസങ്ങൾ ഒഴിവാക്കി വൈദ്യുതി അറ്റകുറ്റപ്പണികൾ മാറ്റിവെക്കേണ്ടതും, ഉത്സവകാലങ്ങളിൽ വൈദ്യുതി ഉറപ്പുവരുത്തേണ്ടതും കെഎസ്ഇബിയുടെ ബാധ്യതയാണെന്ന് സത്താർ ആരിക്കാടി കൂട്ടിച്ചേർത്തു.


Post a Comment