JHL

JHL

കരൾ പകുത്തു നൽകി പിതാവിന് പുതുജീവൻ സമ്മാനിച്ച് മാതൃകയായ മിർഷാനക്ക് ദേശീയ വേദിയുടെ സ്നേഹ സമ്മാനം

മൊഗ്രാൽ : കരൾ മാറ്റി വെക്കലിലൂടെ മാത്രമേ ജീവിതത്തിലേക്ക് തിരിച്ചു വരാനാകൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയ മൊഗ്രാൽ വലിയനാങ്കിയിലെ അബ്ദുൽ മുനീറിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരിക വഴി മകൾ മിർഷാന മനുഷ്യ സ്നേഹത്തിന്റെ അതുല്യ ഉദാഹരണമായി മാറിയിരിക്കുകയാണ്.
ഗുരുതരമായ കരൾരോഗം മൂലം ജീവൻ തന്നെ അപകടത്തിലായിരുന്ന അബ്ദുൽ മുനീറിന്,തന്റെ കരളിന്റെ ഒരു ഭാഗം പകുത്ത് നൽകി പുതുജീവൻ സമ്മാനിക്കാൻ മുന്നോട്ടുവരികയായിരുന്നു 19 കാരിയായിരുന്ന മകൾ മിർഷാന.
സ്വന്തം ജീവന്റെ ഭാഗം പങ്കുവെച്ച് പിതാവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന മിർഷാനയുടെ ഈ മാതൃകാപരമായ തീരുമാനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
 പ്ലസ് ടു പഠനത്തിനുശേഷം  ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയ മിർഷാന നിലവിൽ കാസറഗോഡ് എ.സെഡ് ലേണിംഗ് കോളേജിൽ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സ് വിദ്യാർത്ഥിനിയാണ്. രണ്ട് മാസം മുമ്പ് മിർഷാനയുടെ നികാഹും നടന്നു. 

സ്നേഹവും കടമയും അന്യം നിൽക്കുന്ന ഇന്നിന്റെ സാഹചര്യത്തിൽ മനുഷ്യ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി മാറിയ ഫാത്തിമ മിർഷാനയെ മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ സന്ദർശിച്ച് സ്നേഹസമ്മാനങ്ങൾ നൽകി അനുമോദിച്ചു.
പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ സ്നേഹസമ്മാനം കൈമാറി. ജന. സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി ടൈൽസ്, എം.എ മൂസ, ടി.കെ അൻവർ, മുഹമ്മദ് സ്മാർട്ട്, റിയാസ് കരീം സംബന്ധിച്ചു.

No comments