മണ്ണ്, ചെങ്കൽ മാഫിയകൾക്കെതിരേ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി
കുമ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ അനധികൃത ചെങ്കൽ ക്വാറികളുടെ പ്രവർത്തനവും മണ്ണെടുപ്പും നിർബാധം തുടരുമ്പോഴും ഇവർക്കെതിരേ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് സാമൂഹിക,മനുഷ്യാവകാശ പ്രവർത്തകൻ എൻ.കേശവൻ നായക് കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജില്ലയിലെ പ്രകൃതി വിഭവങ്ങൾ അന്തർ സംസ്ഥാന മാഫികളുടെ നേതൃത്വത്തിൽ കടത്തിക്കൊണ്ട് പോവുകയാണ്.
ഇവർക്ക് ഒത്താശ ചെയ്യാൻ ഉദ്യോഗസ്ഥ- മാഫിയ സംഘം ഇവിടെ പ്രവർത്തിക്കുന്നു.
മീഞ്ച പഞ്ചായത്തിലെ കോളിയൂർ പൊള്ളക്കളയിലെ സർക്കാർ പുറംപോക് ഭൂമിയിലെ ക്വാറിയിൽ നിന്നാണ് കർണാടകയിലേക്ക് ചെങ്കൽ കടത്തുന്നത്.
ഒരു ചെങ്കല്ല് കർണാടകയിൽ എത്തുമ്പോൾ 60 ൽ കൂടുതൽ രൂപ മാഫിയകൾക്ക് കിട്ടുന്നു.
കൊയിപ്പാടി വില്ലേജിലെ അനന്തപുരത്തും അനധികൃത ചെങ്കൽ ക്വാറി പ്രവർത്തിക്കുന്നു.
ബായാർ പാദക്കല്ലിലെ മണ്ണടുപ്പും അനന്തപുരം, എടനാട് വില്ലേജുകളിലെ മരം കടത്തിനെതിരേയും ചെറുവിരലനക്കാൻ അധികൃതർ തയ്യാറാകുന്നില്ല.
സംഭവുമായി ബന്ധപ്പെട്ട് കർണാടക സർക്കാറിന് നൽകിയ പരാതിയിൽ കൃത്യമായി മറുപടികൾ ലഭിക്കുന്നു.
എന്നാൽ സംസ്ഥാന സർക്കാർ മറുപടി നൽകാൻ പോലും തയ്യാറാകുന്നില്ല.
മാഫിയകൾക്കെതിരേ നടപടി സ്വീകരിച്ചാൽ വധിക്കുമെന്ന് ഭയക്കുന്നതായി മഞ്ചേശ്വരം തഹസിൽദാർ പറത്തെന്നും കേശവ നായക് കൂട്ടിച്ചേർത്തു.

Post a Comment