JHL

JHL

കുമ്പള ടോൾ പ്ലാസ: ടോൾ പിരിവ് ആരംഭിച്ചാൽ തടയുമെന്ന് ടോൾ വിരുദ്ധ ആക്ഷൻ കമ്മിറ്റി


കുമ്പള(www.truenewsmalayalam.com) : കോടതിയിൽ കേസ് നിലനിൽക്കെ ആരിക്കാടിയിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കുമ്പള ആക്ഷൻ കമ്മിറ്റി. ടോൾ പിരിവ് തുടങ്ങിയാൽ അത് തടയുമെന്ന് ടോൾ വിരുദ്ധ ആക്ഷൻ കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. 

തിങ്കളാഴ്ച ടോൾ പിരിവ് ആരംഭിക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ കുമ്പള പഞ്ചായത്ത് ഓഫീസിൽ അടിയന്തിരമായി ചേർന്ന ടോൾ വിരുദ്ധ ആക്ഷൻ കമ്മിറ്റി യോഗത്തിലാണ്  ടോളിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാൻ  തീരുമാനിച്ചത്. 

പ്രധാന തീരുമാനങ്ങൾ:

നിയമലംഘനം: ദേശീയപാത അതോറിറ്റിയുടെ നിയമപ്രകാരം രണ്ട് ടോൾ പ്ലാസകൾ തമ്മിൽ കുറഞ്ഞത് 60 കിലോമീറ്റർ ദൂരപരിധി വേണം. എന്നാൽ ഈ ദൂരപരിധി പാലിക്കാതെയാണ് ആരിക്കാടിയിൽ ടോൾ പ്ലാസ നിർമ്മിച്ചിരിക്കുന്നത്.

സാമ്പത്തിക ആഘാതം: കുമ്പള, മംഗൽപാടി, മഞ്ചേശ്വരം, മൊഗ്രാൽപുത്തൂർ എന്നീ പഞ്ചായത്തുകളിലെ സാധാരണക്കാരെയും വ്യാപാരികളെയും ഈ തീരുമാനം വലിയ രീതിയിൽ ബാധിക്കും. ദിവസേന ഒന്നിലധികം തവണ ഇതുവഴി കടന്നുപോകുന്ന നാട്ടുകാർക്ക് ടോൾ നൽകേണ്ടി വരുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും.

പ്രതിഷേധം: നിയമവിരുദ്ധമായി നിർമ്മിച്ച ടോൾ പ്ലാസ പ്രവർത്തനമാരംഭിക്കാതിരിക്കാൻ എല്ലാവിധ നിയമപരവും പ്രത്യക്ഷവുമായ സമരമാർഗങ്ങളും സ്വീകരിക്കുമെന്ന് യോഗം തീരുമാനിച്ചു.

യോഗത്തിൽ പങ്കെടുത്തവർ:

ചെയർമാൻ എ. കെ. എം അഷ്റഫ് എം.എൽ.എ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ സി. എ. സുബൈർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കാർളെ, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി. പി. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.

 ജില്ലാ പഞ്ചായത്തങ്കം അസീസ് കളത്തൂർ,  മുഹമ്മദ് കുഞ്ഞി, അബ്ദുൽ ലത്തീഫ് കുമ്പള, ഫാറൂഖ് ഷിറിയ, ഖാലിദ് ബംബ്രാണ, എം. പി. ഖാലിദ്,സിദ്ദീഖ് ദണ്ഡഗോളി, ഹമീദ് കോയിപ്പാടി, കുഞ്ഞമ്മദ് മൊഗ്രാൽ,ബി.എം മുഹമ്മദലി, നാസർ മൊഗ്രാൽ തുടങ്ങിയ പ്രമുഖരും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. ടോൾ പ്ലാസക്കെതിരെയുള്ള ജനകീയ പോരാട്ടം ശക്തമാക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.

No comments