JHL

JHL

ഇനി കുമ്പളയിൽ ഏഴു ദിവസക്കാലം ഉത്സവമേളം:കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര വാർഷികോത്സവത്തിന് ബുധനാഴ്ച കൊടി ഉയരും

കുമ്പള.കുമ്പളയിൽ ഇനി ഏഴ് ദിവസക്കാലം ഉത്സവമേളം.കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര വാർഷികോത്സവത്തിന് ബുധനാഴ്ച കൊടി ഉയരുന്നതോടെ കുമ്പള നഗരം ഭക്തജനങ്ങളെക്കൊണ്ട് നിറയും. ചരിത്രപ്രസിദ്ധമായ കുമ്പള വെടിക്കെട്ട് ഉത്സവത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.
 
 ക്ഷേത്ര സന്നിധിയിൽ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ക്ഷേത്രോത്സവത്തിൽ കലവറ ഘോഷയാത്ര,തുലാഭാരസേവ,മഹാപൂജ, നിത്യശ്രീവേലി, അന്നദാനം തുടങ്ങിയ പരിപാടികൾ ആദ്യ ദിനത്തിൽ ഒരുക്കിയിട്ടുണ്ട്.

 വേലമ്പാടി ഗണേശ തന്ത്രിയുടെ ധാർമികത്വത്തിൽ എല്ലാ ദിവസവും വിവിധ വൈദിക- ധാർമിക- സാംസ്കാരിക പരിപാടികൾ നടക്കും.മറ്റുള്ള ദിവസങ്ങളിലും വിവിധങ്ങളായ പരിപാടികൾ ഉണ്ടാകും. വൈകുന്നേരങ്ങളിൽ   യക്ഷഗാനം,ഭരതനാട്യം, കുച്ചുപ്പുടി,നാടോടി നൃത്തം,ഭജന,മഹാപൂജ, ശ്രീഭൂതബലി തുടങ്ങിയവയും ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.17ന് രാത്രി 9.45 ന് കരിമരുന്ന് പ്രയോഗം(വെടി ക്കെട്ട്).18ന് ഉത്സവ ബലി ഘോഷയാത്ര. വൈകുന്നേരം 7.30ന് കൊടിയിറക്കം.19- തീയതിയും വിവിധങ്ങളായ പരിപാടികൾ നടക്കും.

 ഉത്സവത്തിനായുള്ള വൻ ഒരുക്കങ്ങളാണ് ക്ഷേത്രത്തിൽ നടന്നുവരുന്നത്. സപ്തഭാഷാ സംഗമഭൂമിയായ കുമ്പളയിലെ ഏറ്റവും വലിയ ഉത്സവമായാണ് വെടിക്കെട്ട് ഉത്സവം അറിയപ്പെടുന്നത്. ജില്ലയിലെ നാനാദിക്കുകളിൽ നിന്നും,കർണാടകയിൽ നിന്നുമായി  ഭക്തജനങ്ങൾ ഉത്സവത്തിന്റെ ഭാഗമായി ഇവിടെ എത്തുന്നുണ്ട്. നാനാജാതി മതസ്ഥരും ഈ ആഘോഷത്തിൽ പങ്കുചേരുന്നുവെന്നത് ഉത്സവത്തെ വേറിട്ടതാക്കുന്നു.

 ക്ഷേത്രോത്സവം പൊലിപ്പിക്കാൻ 16,17 തീയതികളിലായി ചിരഞ്ജീവി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുമ്പള സംഗീത നിഷയും പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കൽ ചടങ്ങും ഒരുക്കിയിട്ടുണ്ട്. ആഘോഷം നിയന്ത്രിക്കാൻ നാളെ മുതൽ വൻ പോലീസ് സംഘത്തെ നഗരത്തിൽ വിന്യസിക്കുമെന്ന് പോലീസ് അധികൃതരും അറിയിച്ചിട്ടുണ്ട്.

No comments