കുമ്പള ടോൾ പിരിവ്: സർവീസ് റോഡ് ഇല്ലാതെ എങ്ങനെ ടോൾ പിരിക്കുമെന്ന് ഹൈക്കോടതി
കൊച്ചി(www.truenewsmalayalam.com) : കുമ്പളയിൽ സർവീസ് റോഡ് നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിവ് നടത്തുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കുമ്പള ടോൾ വിരുദ്ധ സമിതി വേണ്ടി കൺവീനർ അഷ്റഫ് കർള സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സർവീസ് റോഡുകളുടെ അപര്യാപ്തതയും യാത്രാക്ലേശവും നേരിട്ട് ബോധ്യപ്പെടാൻ കേസിൽ ഒരു കമ്മീഷനെ നിയോഗിക്കണമെന്ന് ആക്ഷൻ കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഡ്വ. സജൽ കോടതിയിൽ ആവശ്യപ്പെട്ടു.
നിലവിലെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കാതെ ടോൾ പിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഹർജിഭാഗം വാദിച്ചു.
സമരം ശക്തമാക്കാൻ ആക്ഷൻ കമ്മിറ്റി
കോടതിയിൽ നിയമപോരാട്ടം തുടരുന്നതിനോടൊപ്പം തന്നെ, ഗ്രൗണ്ട് ലെവലിൽ സമരം ശക്തമാക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. അനുകൂലമായ വിധി വരുന്നത് വരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അടുത്ത നടപടി:
വിഷയത്തിൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ് ഈ മാസം 28-ലേക്ക് മാറ്റി വെച്ചു. സർക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടെയും വിശദീകരണം അന്നേദിവസം നിർണ്ണായകമാകും.

Post a Comment