JHL

JHL

കാൽപന്ത്കളിക്ക് പിന്നാലെ മാപ്പിളപ്പാട്ടിനൊരുങ്ങി ഇശൽ ഗ്രാമം.

മൊഗ്രാൽ. കാൽപന്തുകളിക്ക് പിന്നാലെ ഇശൽ ഗ്രാമത്തിൽ ഇശൽ തേൻമഴ പെയ്തിറങ്ങാൻ ഇനി മൂന്ന് ദിവസം മാത്രം.കേരള സർക്കാർ സാംസ്കാരിക വകുപ്പ് കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി,ഇശൽ ഗ്രാമം ട്രസ്റ്റ്-സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ,പുരോഗമന കലാസാഹിത്യ സംഘം കാസർഗോഡ് എന്നിവയുടെ സഹകരണത്തോടെ മൊഗ്രാലിലെ ഇശൽ ചക്രവർത്തി നടത്തോപ്പിൽ അബ്ദുള്ള രചിച്ച "പക്ഷിപ്പാട്ടിന്റെ നൂറാം വാർഷികം'' വൈവിധ്യമാർന്ന  പരിപാടികളോടെ കാസർഗോഡ് വെച്ചും,ഇശൽ ഗ്രാമത്തിലുമായി  2026 ജനുവരി 31ന് ശനിയാഴ്ചയാണ് സംഘടിപ്പിക്കുന്നത്. ഇതിനായുള്ള വൻ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

 പരിപാടിയുമായി ബന്ധപ്പെട്ട് സാഹിത്യ സെമിനാർ, സാംസ്കാരിക സമ്മേളനം,മാപ്പിള കലകളുടെ അവതരണം, കലാകാരന്മാർക്ക് ആദരം,കലാസന്ധ്യ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. 31ന് രാവിലെ 10 മണിക്ക് കാസർഗോഡ് മുൻസിപ്പൽ വനിതാ ഭവനിൽ സാഹിത്യ സെമിനാർ സംഘടിപ്പിക്കും.തുടർന്ന് വൈകുന്നേരം 5 മണിക്ക് മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും.

 31ന് രാവിലെ കാസറഗോഡ് മുനിസിപ്പൽ വനിതാ ഭവനിൽ നടക്കുന്ന "നൂറ്റാണ്ട് പിന്നിട്ട പക്ഷിപ്പാട്ട്''എന്ന വിഷയത്തിൽ സാഹിത്യ സെമിനാർ കാസറഗോഡ് നഗരസഭ ചെയർപേഴ്സൺ ഷാഹിനാ-സലീം ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയർമാൻ ഹുസൈൻ രണ്ടത്താണി അധ്യക്ഷത വഹിക്കും. അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ ആമുഖപ്രഭാഷണം നടത്തും.രവീന്ദ്രൻ കൊടക്കാട് സ്വാഗതം അരുളും.

 സാഹിത്യ സെമിനാറിൽ വിവിധ വിഷയങ്ങളിലായി പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഫൈസൽ കമ്മനം "പക്ഷിപ്പാട്ടിന്റെ നടുത്തോപ്പിൽ'' എന്ന വിഷയത്തിലും, "മാപ്പിളപ്പാട്ടുകളും മലബാറിന്റെ ദൈനംദിന ചരിത്രവും''എന്ന വിഷയത്തിൽ ഡോ:പി പി അബ്ദുൽ റസ്സാഖ്,"അക്ബർ സദഖയുടെ സംശയത്തിന്റെ ചരിത്രം''എന്ന വിഷയത്തിൽ ഡോ: അഭിലാഷ് മലയിലും, "മാപ്പിളപ്പാട്ടിന്റെ പെൺ വർത്തമാനങ്ങൾ''എന്ന വിഷയത്തിൽ ഡോ:ഷീനാ- ഷുക്കൂറും,"വടക്കേ മലബാർ മാപ്പിളപ്പാട്ടുകളിലെ പ്രാദേശിക സംസ്കൃതിയുടെ അടയാളപ്പെടുത്തലുകൾ''എന്ന വിഷയത്തിൽ ഡോ:ഫാത്തിമത്ത് റംഷീല സി എച്ച്,ഡോ: ഷംഷാദ് ഹുസൈൻ കെ ടി,മാധ്യമപ്രവർത്തകൻ ടി എ ഷാഫി എന്നിവർ സംസാരിക്കും. സംഘാടകസമിതി ജനറൽ കൺവീനർ കെ എച്ച് മുഹമ്മദ് നന്ദി പറയും.

 അന്നേദിവസം വൈകുന്നേരം അഞ്ചുമണിക്ക് മൊ ഗ്രാൽ ജിവിഎച്ച്എസ്എസ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാനും,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ വി പി അബ്ദുൽഖാദർ ഹാജി അധ്യക്ഷത വഹിക്കും.വർക്കിംഗ് ചെയർമാൻ കെഎം മുഹമ്മദ് സ്വാഗതം പറയും.അക്കാദമിയെ കുറിച്ച് സെക്രട്ടറി ബഷീർ ചുങ്കത്തറ,ജോ: സെക്രട്ടറി ഫൈസൽ എളേറ്റിൽ എന്നിവർ സംസാരിക്കും.പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,പക്കർ പുന്നൂർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ സെഡ് എ മൊഗ്രാൽ,സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ,ടി എ ഷാഫി,എ എം സിദ്ധീഖ് റഹ്മാൻ,എം എ മൂസ,കബീർ ബി കെ,താജുദ്ദീൻ മൊഗ്രാൽ,അബ്ദുള്ള താജ്,എം പി അബ്ദുൽ ഖാദർ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേരും. തുടർന്ന് കലാകാരന്മാരെ ആദരിക്കും.ഇശൽ ഗ്രാമം ട്രസ്റ്റ്-സ്കൂൾ ഓഫ് മാപ്പിള ആർട്സ് ചെയർമാൻ ബഷീർ അഹമ്മദ് സിദ്ദീഖ് നന്ദി പറയും.

 തുടർന്ന് നടക്കുന്ന കലാസന്ധ്യ അക്കാദമി വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരലി ഉദ്ഘാടനം ചെയ്യും.വിവിധ മേഖലകളിൽ അവതരണം കൊണ്ട് ശ്രദ്ധേയമായ മാപ്പിള കലകളായ ഒപ്പന, അർപ്പനമുട്ട്,വട്ടപ്പാട്ട് തുടങ്ങിയവ അരങ്ങേറും. തുടർന്ന് കലാകാരന്മാർ അണിനിരക്കുന്ന മാപ്പിളപ്പാട്ടുകൾ അരങ്ങേറും.

No comments