ജസീലയുടെ ആത്മഹത്യ; കേസെടുത്ത് മനുഷ്യാവകാശ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
കാസർകോട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ട് പൊലീസ് ചോദ്യംചെയ്തതിന് പിന്നാലെ പൊലീസിനും ഭർതൃവീട്ടുകാർക്കും അയൽവീട്ടുകാർക്കുമെതിരെ മൊബൈൽ ഫോണിൽ വിഡിയോ റെക്കോഡ് ചെയ്തശേഷം യുവതി ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വാർത്തക്ക് ആധാരമായ വിഷയത്തിൽ ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. മാർച്ചിൽ കാസർകോട്ട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.ആലംപാടി നാൽത്തടുക്കയിൽ നബീസത്ത് ജസീലയാണ് ജീവനൊടുക്കിയത്. ഈ മാസം 15ന് വിഷം കഴിച്ച ജസീല ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭർത്താവിന്റെ ബോവിക്കാനം പൊവ്വലിലെ വീടിനു സമീപത്തുനിന്ന് ഒമ്പതര പവൻ സ്വർണം കാണാതെ പോയ സംഭവത്തിലാണ് ജസീലയെ പൊലീസ് ചോദ്യം ചെയ്തത്. അയൽവാസിയും ജസീലയുടെ ഭർതൃവീട്ടുകാരും ജസീലയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയതിന് പിന്നാലെയാണ് വിഷം കഴിച്ചത്. താൻ മനോസംഘർഷം അനുഭവിക്കുകയാണെന്നും മോഷ്ടിച്ചിട്ടില്ലെന്നും ജസീല പറയുന്ന വിഡിയോ പുറത്തുവന്നിരുന്നു.

.jpeg)
Post a Comment