JHL

JHL

മഞ്ചേശ്വരത്ത് ബിജെപിയുടെ വിജയത്തിന് തടയിടുന്ന പ്രവർത്തനങ്ങൾക്ക് എസ്‌ഡിപിഐ ചുക്കാൻ പിടിക്കും: കെ.കെ. അബ്ദുൽ ജബ്ബാർ

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിയുടെ വിജയത്തിന് ശക്തമായി തടയിടുമെന്ന് എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അബ്ദുൽ ജബ്ബാർ. പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മണ്ഡലത്തിലെ നിർണായക ശക്തി എസ്‌ഡിപിഐയാണെന്നും പാർട്ടിയുടെ വോട്ടിംഗ് ശതമാനം കുത്തനെ വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൊസംഘടി ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടിയിൽ പാർട്ടി മണ്ഡലം സെക്രട്ടറി ഷബീർ പോസോട്ട് സ്വാഗതം പറയുകയും മണ്ഡലം പ്രസിഡന്റ് നാസർ ബംബ്രാണ അധ്യക്ഷത വഹിക്കുകയും ചെയ്തു. 
പാർട്ടി ജില്ലാ പ്രസിഡന്റ് സവാദ് സി.എ, ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹൊസംഘടി, ജില്ലാ സെക്രട്ടറി അൻസാർ ഗാന്ധി നഗർ, മണ്ഡലം കമ്മിറ്റി അംഗമായ ഹമീദ് ഹൊസംഘടി, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് അംഗവും മണ്ഡലം കമ്മിറ്റി അംഗവുമായ ഷെരീഫ് പാവൂർ, വുമൺ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം പസീന ഷബീർ, മണ്ഡലം പ്രസിഡന്റ് റൂഖിയ അൻവർ, സെക്രട്ടറി താഹിറ എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.
കാസർഗോഡ് മെഡിക്കൽ കോളേജിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പാർട്ടി മണ്ഡലം കമ്മിറ്റി അംഗം ജയകുമാർ പ്രമേയം അവതരിപ്പിച്ചു.
പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് മജീദ് വോർകാടി  നന്ദി അറിയിച്ചു.

No comments