JHL

JHL

അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി ഒരു വർഷം:ബദൽ സംവിധാനത്തിന് നടപടിയില്ല,കെട്ടിട നിർമ്മാണത്തിന് ഫണ്ടുമില്ല.ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രോഗികൾക്കും, വിദ്യാർത്ഥികൾക്കും ദുരിതം

കുമ്പള/മൊഗ്രാൽ. കഴിഞ്ഞ മഴക്കാലത്ത് കോട്ടയത്ത് സർക്കാർ ആശുപത്രി കെട്ടിടം നിലംപതിച്ചതോടെ പരിശോധനയുടെ ഭാഗമായി സംസ്ഥാനതൊട്ടുക്കും നിരവധി ആരോഗ്യ- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂട്ട് വീണു.കാലപ്പഴക്കവും ചോർന്നൊലിക്കുന്ന കെട്ടിടങ്ങളുമാണ് ഏറെയും അടച്ചുപൂട്ടിയത്. എന്നാൽ പകരം സംവിധാനത്തിന് സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചതുമില്ല. ഇതുമൂലം ദുരിതം നേരിടേണ്ടി വന്നത് രോഗികളും, വിദ്യാർത്ഥികളും.

 കാസറഗോഡ് ജില്ലയിലും ഇത്തരം ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചോർച്ചയുടെയും കാലപ്പഴക്കത്തിന്റെയും പേരിൽ താഴ് വീണിരുന്നു.കുമ്പളയിൽ പ്രവർത്തിച്ചുവരുന്ന സർക്കാർ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ(ബി എഫ് എച്ച് സി) കെട്ടിടം ഒഴിപ്പിച്ചു. ഇവിടെയുണ്ടായിരുന്ന ഡ്രസ്സിംഗ്- ഇഞ്ചക്ഷൻ  റൂമും,ഫാർമസിയും സ്ഥല സൗകര്യമില്ലാത്തതും, ഇടുങ്ങിയതുമായ മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചു.ഇതുമൂലം രോഗികൾക്കുണ്ടാകുന്ന ദുരിതം ഇരട്ടിയായി. ചോർന്നൊലിക്കുന്നകെട്ടിടം ഒഴിപ്പിക്കുമ്പോൾ പകരം സംവിധാനമോ, കെട്ടിട നിർമ്മാണത്തിന് ഫണ്ടോ സർക്കാർ അനുവദിച്ചുമില്ല.

 മൊഗ്രാൽ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ ക്ലാസുകൾ നടന്നിരുന്ന നാല് ക്ലാസ് റൂമുകൾ ഉള്ള രണ്ട് പഴയ കെട്ടിടങ്ങളാണ് ചോർച്ചയുടെ പേരിൽ ഒഴിപ്പിച്ചത്.ഇവിടെയും പകരം സംവിധാനത്തിന് നടപടിയോ,പുതിയ കെട്ടിട നിർമ്മാണത്തിന് അടിയന്തര ഫണ്ടോ അനുവദിച്ചതുമില്ല. 4 ക്ലാസ് റൂമുകളിലെ കുട്ടികളെ മറ്റു ക്ലാസ്സ് റൂമുകളിൽ ഇരുത്തി യാണ് ഇപ്പോൾ ക്ലാസ് നടന്നുവരുന്നത്.ഇത് വിദ്യാർത്ഥികൾക്ക് ഏറെ ദുരിതമാകുന്നുമുണ്ട്.

അടച്ചുപൂട്ടിയെ കെട്ടിടങ്ങൾക്ക് പകരം പുതിയ കെട്ടിടങ്ങൾക്ക് സർക്കാർ അടിയന്തിരമായി ഫണ്ട് അനുവദിക്കണമെന്നാണ് ആശുപത്രി വികസന സമിതിയുടെയും,പിടിഎ കമ്മിറ്റിയുടെയും ആവശ്യം.പുതിയ അധ്യായന വർഷത്തിൽ ഇത് നടന്നില്ലെങ്കിൽ സ്കൂൾ പഠനത്തെ ബാധിക്കുമെന്ന് പി ടി എ കമ്മിറ്റി പറയുന്നുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ ഇനി തെരഞ്ഞെടുപ്പൊക്കെ കഴിയാതെ കെട്ടിട നിർമ്മാണത്തിന് ഫണ്ടും,പദ്ധതികളും കിട്ടില്ലെന്നതും പിടിഎയേയും, ആശുപത്രി വികസന സമിതികളെയും ആശങ്കപ്പെടുത്തുന്നുമുണ്ട്.അടിയന്തിര നടപടിക്കായി ഇപ്പോൾ ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന ജില്ലാ-ബ്ലോക്ക് പഞ്ചായത്തുക്കളെ സമീപിക്കാൻ ഒരുങ്ങുകയാണ് പിടിഎയും,ആശുപത്രി വികസന സമിതിയും.





No comments