JHL

JHL

ട്രെയിനുകൾ നിർത്തിയിടാൻ കുമ്പള റെയിൽവേ സ്റ്റേഷൻ:സ്റ്റോപ്പ്‌ ആവശ്യപ്പെട്ടാൽ മുഖം തിരിക്കും. വികസനത്തിൽ അവഗണന.

കുമ്പള.കുമ്പള റെയിൽവേ സ്റ്റേഷനിൽ 34 ഏക്കറോളം വരുന്ന വിശാലമായ സ്ഥല സൗകര്യമുണ്ട്.കണ്ണൂർ-കാസർഗോഡ്-മംഗളൂരു സ്റ്റേഷനുകൾക്കിടയിൽ ഇത്രയേറെ സ്ഥല സൗകര്യമുള്ള റെയിൽവേ സ്റ്റേഷൻ മറ്റെവിടേയുമില്ല.അതുകൊണ്ട് തന്നെയാണ് നാട്ടുകാർ രണ്ട് പതിറ്റാണ്ട് കാലമായി വികസനത്തിന് മുറവിളി കൂട്ടുന്നതും.

 കുമ്പളയിൽ ഘട്ടം, ഘട്ടമായി വികസന പദ്ധതികൾ നടപ്പിലാക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.ഇതിന്റെ ഭാഗമായാണ് ഫ്ലാറ്റ്ഫോം മോഡി പിടിപ്പിച്ചതും, ആവശ്യത്തിന് ഇരിപ്പിടം ഒരുക്കിയതും. യാത്രക്കാർക്കായി ശൗചാലയം ഉൾപ്പെടെയുള്ള  വിശാലമായ വിശ്രമകേന്ദ്രവും ഒരുക്കിയതും. വികസനത്തിന്റെ മൂന്നാംഘട്ടത്തിന്റെ ഭാഗമായാണ് ഇപ്പോൾ ലിഫ്റ്റ് നിർമ്മാണവും നടന്നുവരുന്നതും. എന്നാൽ പ്രധാനപ്പെട്ട ആവശ്യങ്ങളിൽ മേൽ റെയിൽവേ അധികൃതർ കണ്ണടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

 കുമ്പള റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട്  നാട്ടുകാരും, യാത്രക്കാരും മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിലൊന്ന് റെയിൽവേ സ്റ്റേഷനിൽ കാടുമുടി കിടക്കുന്ന സ്ഥല ലഭ്യത ഉപയോഗപ്പെടുത്തി കുമ്പള റെയിൽവേ സ്റ്റേഷനെ "സാറ്റലൈറ്റ്'' സ്റ്റേഷനായോ, "ടെർമിനൽ'' സ്റ്റേഷനായോ ഉയർത്തുക എന്നതാണ്.ഇത് പ്രാവർത്തികമാക്കാനായാൽ മംഗലാപുരത്തും, കണ്ണൂരിലും അവസാനിപ്പിക്കുന്ന  മുഴുവൻ ട്രെയിനുകൾക്കും കുമ്പള സ്റ്റേഷനിൽ നിർത്തിയിടാൻ തലസൗകര്യ ലഭ്യത മൂലം സാധിക്കുമെന്നത് കൊണ്ടാണ്  ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ട് വെക്കുന്നത്.ഇത് സംബന്ധിച്ച് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും, സന്നദ്ധ സംഘടനകളും, വ്യാപാരി സംഘടനകളും, നാട്ടുകാരും കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി കേന്ദ്ര റെയിൽവേ മന്ത്രിമാരെയും, റെയിൽവേ ഉദ്യോഗസ്ഥരെയും, ജനപ്രതിനിധികളെയും കണ്ട് നിവേദനം  നൽകിവരുന്നുമുണ്ട്.

 കുമ്പളയിലെയും സമീപത്തെ ഏഴോളം  വരുന്ന പഞ്ചായത്തുകളിലെയും ജനങ്ങൾ ട്രെയിൻ മാർഗ്ഗമുള്ള യാത്രയ്ക്കായി ആശ്രയിക്കുന്നത് കുമ്പള റെയിൽവേ സ്റ്റേഷനെയാണ്. മംഗലാപുരത്തെ കോളേജുകളെ ആശ്രയിക്കുന്ന വിദ്യാർത്ഥികളും, ആശുപത്രികളിലേക്ക് പോകുന്ന രോഗികളും,വ്യാപാര ആവശ്യങ്ങൾക്കായി പോകുന്ന കച്ചവടക്കാരും നിത്യേന ആശ്രയിക്കുന്നത് കുമ്പള റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ട്രെയിനുകളെയാണ്. ജില്ലയിൽ മികച്ച വരുമാനത്തിലും, യാത്രക്കാരെലും മികവ് പുലർത്തി പോരുന്ന കുമ്പള റെയിൽവേ സ്റ്റേഷനിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാത്തത് നേരത്തെ തന്നെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പരശുറാം എക്സ്പ്രസ്സിനും(16649/50) മാവേലിക്കും(16603/04) കുമ്പളയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നുള്ളത് നേരത്തെ തന്നെ ആവശ്യപ്പെട്ട് വരുന്നതുമാണ്.ഒന്നിനും അനുകൂലമായ നടപടികൾ റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ഉണ്ടാകുന്നില്ല.


ഏറ്റവും ഒടുവിൽ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച പദ്ധതികളിലൊന്നാണ് കുമ്പള റെയിൽവേ സ്റ്റേഷൻ സ്ഥലത്തെ "ടർഫ്'' മൈതാനം. റെയിൽവേ സ്ഥലങ്ങൾ കാട് മൂടി കിടക്കുന്ന അവസ്ഥയിൽ റെയിൽവേക്ക് വരുമാനം പ്രതീക്ഷിച്ചുകൊണ്ടാണ് ദക്ഷിണ റെയിൽവേ സ്വകാര്യ ഏജൻസികൾക്ക് ടർഫ് മൈതാനം പണിയാനായി കുമ്പള ഉൾപ്പെടെ  കാസറഗോഡ് ജില്ലയിൽ മാത്രം 5 റെയിൽവേ സ്റ്റേഷനുകളെ പരിഗണിച്ചിട്ടുള്ളത്. എന്നാൽ നാട്ടുകാർ ഇതിൽ തൃപ്തരല്ല.

No comments