JHL

JHL

ദേശീയ കാര്‍റാലി ചാമ്പ്യന്‍ഷിപ്പ്- 2K25 മൂസാ ഷരീഫ് - കർണ കദൂർ സഖ്യത്തിന് ഒന്നാം റൗണ്ടിൽ ഓവറോൾ വിജയം

കാസറഗോഡ്: ചെന്നൈയിൽ നടന്ന 2025-ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ ഒന്നാം റൗണ്ടായ സൗത്ത് ഇന്ത്യൻ  റാലിയിൽ മൂസാ ഷരീഫ്- കർണ കദൂർ സഖ്യത്തിന് ഓവറോൾ ജയം.  പരുപരുക്കന്‍ പാതയിലൂടെയുള്ള ദൈര്‍ഘ്യമേറിയ റാലി 2 മണിക്കൂർ 3 മിനുറ്റ് 44 സെക്കന്റ്‌ കൊണ്ടാണ് ഈ സഖ്യം ഫിനിഷ് ചെയ്ത് നേട്ടം കൊയ്തത്.  കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായിട്ടാണ് ഫെഡറേഷൻ ഓഫ്  മോട്ടോർ സ്പോർട്സ് ക്ലബ് ഇന്ത്യ, ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ട് ചെന്നൈയിൽ സംഘടിപ്പിച്ചത്.
ഒമ്പതാം കിരീടം ലക്ഷ്യമിട്ടാണ്  ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ കോ-ഡ്രൈവർ ആയ മൂസാ ഷരീഫ് മത്സരത്തിനിറങ്ങുന്നത്. ആദ്യ റൗണ്ടിലെ ഓവറോൾ ജയം ആത്മവിശ്വാസം വർദ്ധിപ്പിച്ചതായി ഷരീഫ്‌ പറഞ്ഞു.
മൊത്തം ആറ് റൗണ്ടുകൾ അടങ്ങിയതാണ് ഈ വർഷത്തെ ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പ്.
എം ആർ എഫിന്റെ പിന്തുണയോടെ ടീം അർകാ മോട്ടോർ സ്പോർട്ടിന് വേണ്ടി വോൾക്സ് വാഗൻ പോളോ കാര്‍ ഉപയോഗിച്ചാണ് മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയായ ഷരീഫും കർണാടക സ്വദേശിയായ കർണാ കദൂറും ആദ്യ റൗണ്ടില്‍ അനായാസ വിജയം നേടിയത് .ഈ കിരീടത്തില്‍ കൂടി മുത്തമിട്ടാല്‍ ഒമ്പത് തവണ ദേശീയ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ നാവിഗേറ്റര്‍ എന്ന ബഹുമതി കൂടി മൂസാ ഷരീഫിന് സ്വന്തം പേരിലാക്കാം.
ഇതോടൊപ്പം ചെന്നൈയിൽ നടന്ന ഏഷ്യൻ പസഫിക് കാർ റാലി ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിലും മൂസാ ഷരീഫ്- കർണ കദൂർ സഖ്യം ഓവറോൾ വിജയം കരസ്ഥമാക്കിയിട്ടുണ്ട്.

No comments