JHL

JHL

ഒരാഴ്ചത്തേക്ക് അടച്ചിട്ട മൊഗ്രാൽ ടൗൺ സർവീസ് റോഡ് രണ്ടാഴ്ച കഴിഞ്ഞിട്ടും തുറന്നു കൊടുക്കുന്നില്ല,നാട്ടുകാർ ദുരിതത്തിൽ

മൊഗ്രാൽ.മൊഗ്രാൽ ടൗണിൽ നിന്ന് കുമ്പള ഭാഗത്തേക്കുള്ള ദേശീയപാത സർവീസ് റോഡ് അടച്ചിട്ട് രണ്ടാഴ്ച പിന്നിടുന്നു.ഒരാഴ്ചത്തേക്ക് അടച്ചിട്ട റോഡാണ് രണ്ടാഴ്ച പിന്നിട്ടിട്ടും തുറന്നു കൊടുക്കാതെ കിടക്കുന്നത്.ഇത് നാട്ടുകാർക്ക് വലിയ തോതിലുള്ള യാത്രാദുരിതത്തിന് കാരണമാവുന്നുണ്ട്,ഒപ്പം അധിക ബാധ്യതയും.

 അറ്റകുറ്റപണികൾക്ക് എന്ന പേരിലാണ് കഴിഞ്ഞമാസം പതിനെട്ടാം തീയതി റോഡ് അടച്ചിട്ടത്.പരീക്ഷാ സമയവും,ഈദ് ആഘോഷവുമൊക്കെ ആയതിനാൽ ജോലികൾ ഏപ്രിൽ ആദ്യവാരത്തേക്ക് മാറ്റണമെന്ന് നാട്ടുകാരുടെയും, ജനപ്രതിനിധികളുടെയും,സന്നദ്ധ സംഘടനകളുടെയും, ഓട്ടോറിക്ഷ തൊഴിലാളികളുടെയും  ആവശ്യം അധികൃതർ ചെവി കൊള്ളാതെയാണ് റോഡ് അടച്ചിട്ടത്.ഇത് വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു.

 ഇപ്പോൾ മൊഗ്രാൽ ലീഗ് ഓഫീസിനും,മൊഗ്രാൽ ടൗണിലും,മുഹിയദ്ധീൻ പള്ളി പരിസരത്തുമുള്ള യാത്രക്കാർക്ക് ബസ് കയറണമെങ്കിൽ ഒന്നെങ്കിൽ പെറുവാട് ബസ്റ്റോപ്പിലോ, അതല്ലെങ്കിൽ കൊപ്പളം ബസ്റ്റോപ്പിലോ ചെന്ന് കയറണം.ഇത് പ്രായമായവർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും ഏറെ ദുരിതമാകുന്നുണ്ട്. പോരാത്തതിന് അസഹ്യമായ ചൂട് സമയത്ത് വെയില് കൊണ്ട് ബസ് കാത്തുനിൽക്കേണ്ട അവസ്ഥയും.

 മൊഗ്രാൽ ടൗണിലെ യാത്രക്കാർ പെറുവാട്ടേക്കും, കൊപ്പളത്തിലേക്കും ഓട്ടോറിക്ഷ പിടിച്ചാണ് ബസ് കയറാൻ പോകുന്നത്. ഇതിന് 30 രൂപ ഓട്ടോ ചാർജും കൊടുക്കണം. യാത്രക്കാർക്ക് ഇത് അധിക ബാധ്യതയാവുന്നുവെന്നും  പരാതിയുണ്ട്.സർവീസ് റോഡ് അടിയന്തരമായി തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


No comments