JHL

JHL

പിണറായി സർക്കാറിന്റെ ഒമ്പതാം വാർഷികം:എന്ത് വികസന നേട്ടമാണ് കാസർഗോഡ് ജില്ലയ്ക്ക് ഉണ്ടായത്..? ആഘോഷ പരിപാടികൾക്കെതിരെ കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാർ

മൊഗ്രാൽ.പിണറായി സർക്കാറിന്റെ ഒമ്പതാം വാർഷികവും,രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികവും ആഘോഷമാക്കാൻ ഒരുങ്ങുന്ന സിപിഎമ്മും, സംസ്ഥാന സർക്കാരും എന്ത് വികസനം പറഞ്ഞാണ് കാസറഗോഡ് വരുന്നതെന്ന് നേതാക്കൾ വ്യക്തമാക്കണമെന്ന് മൊഗ്രാലിലെ 4 കോൺഗ്രസ് വാർഡ് പ്രസിഡണ്ടുമാർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

 സർക്കാറിന്റെ ഈ 9 വർഷത്തെ കാലയളവിൽ എന്ത് നേട്ടമാണ് കാസർകോട്ട് ജില്ലയ്ക്ക് എത്തിക്കാൻ കഴിഞ്ഞതെന്നാണ് കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട്മാരുടെ ചോദ്യം.ജില്ലയിൽ നടപ്പാക്കിയ ഏതെങ്കിലും ഒരു വികസന പദ്ധതിയെങ്കിലും ചൂണ്ടിക്കാട്ടാൻ സിപിഎം നേതാക്കൾക്കോ, മന്ത്രിമാർക്കോ കഴിയുമോ.?

 നിർമ്മാണം തുടങ്ങി കഴിഞ്ഞ 10 വർഷമായി പൂർത്തിയാകാതെ കിടക്കുന്ന കാസർഗോഡ് മെഡിക്കൽ കോളേജ് സർക്കാർ അവഗണനയുടെ ഒന്നാന്തരം ഉദാഹരണമാണെന്ന് കോൺഗ്രസ്‌ ബൂത്ത് പ്രസിഡന്റ്മാർ പറയുന്നു. പ്രശ്നപരിഹാരമില്ലാത്ത ജില്ലയിലെ വൈദ്യുതി പ്രതിസന്ധി, "പൊസഡിഗുംബെ'' പോലുള്ള തുടങ്ങിവച്ചതും, പൂർത്തിയാകാതെ കിടക്കുന്നതുമായ ഒട്ടനവധി ടൂറിസം പദ്ധതികൾ,സർക്കാർ ഓഫീസുകളിലെ ആളില്ലാ കസേരകൾ,ഒട്ടുമിക്ക വികസന പദ്ധതിക്കും ഫണ്ട് അനുവദിക്കാതെയുള്ള അവഗണന ഇതിനിടയ്ക്ക് കാസറഗോഡ് വെച്ച് എന്ത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി വരുന്നത്. സർക്കാർ വ്യക്തമാക്കണം.

9വർഷമായി തുടരുന്ന ഇടതുമുന്നണി ഭരണത്തിൽ കാസർഗോഡിന് എന്ത് കിട്ടിയെന്ന് ചോദിച്ചാൽ ജനങ്ങളിൽ നിന്ന് തന്നെ "ഒന്നുമില്ല''എന്ന ഉത്തരം മാത്രമാണുള്ളത്.ജില്ലയ്ക്ക് ലഭിക്കേണ്ട എയിംസ് പോലും തരില്ലെന്നാണ് സർക്കാർ പറയുന്നത്. രണ്ട് മന്ത്രിസഭകളിലും ജില്ലയ്ക്ക് പ്രതിനിധിയില്ലാത്തതും അവഗണനയുടെ മറ്റൊരു ഉദാഹരണമാണ്.

 മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടികൾ,താലൂക്ക് തല അദാലത്തുകൾ,നിരവധി പരിപാടികൾ,പാർട്ടി സമ്മേളനങ്ങൾ മുഖ്യമന്ത്രിയും,മന്ത്രിമാരും ജില്ലയിൽ വന്നു പോയത് നിരവധി തവണയാണ്,എന്നിട്ടും ഏതെങ്കിലും ഒരു വികസന ക്ഷേമ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കാൻ ഉണ്ടോ എന്നത് ആഘോഷത്തിന് കോപ്പുകൂട്ടുന്ന സിപിഎം നേതാക്കൾ സ്വന്തം മനസാക്ഷിയോട് തന്നെ ചോദിക്കണം.വികസന പിന്നോക്കാവസ്ഥ ചൂണ്ടിക്കാട്ടി നിവേദനങ്ങൾ, പരാതികൾ,ഒന്നിനും പരിഹാരമോ, തുടർനടപടികളോ സർക്കാറിന്റെ ഭാഗത്തുനിന്ന് ഈ 9 വർഷത്തിനിടയിൽ ഉണ്ടായിട്ടില്ല.

ജില്ലയിലെ ആരോഗ്യ മേഖലയിലാണ് ഏറെയും കടുത്ത അവഗണന നേരിടുന്നത്. എൻഡോസൾഫാൻ രോഗികൾ ദിവസേന എന്നോണമാണ് മരിച്ചു വീഴുന്നത്. അവശേഷിക്കുന്നവർക്കാകട്ടെ തുടർ ചികിത്സക്കായി ജില്ലയിൽ ഒരു ചികിത്സാ സംവിധാനവുമില്ല.ഇന്നും സമരവഴിയിലാണ് എൻഡോസൾഫാൻ രോഗികൾ.ഈ വിഷയത്തിൽ പോലും കണ്ണ് തുറക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല.സെക്രട്ടേ റിയേറ്റിന് മുന്നിൽ പോലും ഇവർ സമരം ചെയ്തു.

 ഈ അവഗണന നിലനിൽക്കെ തന്നെയാണ് നാണക്കേട് മറക്കാൻ ജില്ലയിലെ സിപിഎം ജനപ്രതിനിധികൾ ആഘോഷത്തിന്റെ പിന്നാലെ ഓടുന്നത്.ജില്ലയിലെ പൊതുജനങ്ങളും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും മുന്നോട്ടുവെക്കുന്ന ജില്ലയുടെ സമഗ്രമായ വികസനത്തിനുള്ള ഒരു പദ്ധതി പോലും ഈ ഒൻപതു വർഷത്തെ കാലയളവിൽ ജില്ലയ്ക്ക് സമ്മാനിക്കാൻ ഇടതുമുന്നണി സർക്കാറിന് കഴിഞ്ഞിട്ടില്ല.

 പ്രയാസവും,ബുദ്ധിമുട്ടും പരിഗണിച്ച് വിദ്യാഭ്യാസ-ഗതാഗത- ആരോഗ്യ മേഖലകളിൽ പൊതുജനങ്ങളും ജനപ്രതിനിധികളും മുന്നോട്ടുവെക്കുന്ന ചെറുകിട പദ്ധതികളെ പോലും സർക്കാർ അവഗണിക്കുന്നുവെന്നാണ് വ്യാപകമായി പരാതിയുള്ളത്.ഇതിനായി ബഡ്ജറ്റുകളിൽ അഞ്ചു പൈസ പോലും സർക്കാർ നീക്കിവെക്കുന്നുമില്ല. മഞ്ചേശ്വരം താലൂക്ക് ഓഫീസ് കെട്ടിടം,പൈവളിഗെ പോലീസ് സ്റ്റേഷൻ, പാതിവഴിയിലായ മഞ്ചേശ്വരം ഹാർബർ നിർമ്മാണം, പ്രഖ്യാപനത്തിലൊതുങ്ങിയ തളങ്കര ഹാർബർ നിർമ്മാണം,കുമ്പള സാമൂഹികാരോഗ്യ കേന്ദ്ര നവീകരണ പദ്ധതി,കുമ്പള കഞ്ചിക്കട്ട-കൊടിയമ്മ പാലം പുനരുദ്ധാരണ പദ്ധതി,ഒട്ടനവധി വൈദ്യുത പദ്ധതികൾ ഇവയൊക്കെ സർക്കാർ ഫണ്ട് കാത്ത് കിടക്കുന്ന ചെറുകിട പദ്ധതികളാണ്. ഇവയ്ക്കൊന്നും ഈ ഒമ്പത് വർഷക്കാലം ഫണ്ട് അനുവദിച്ചില്ല എന്നത് സർക്കാരിന്റെ വികസനത്തോടുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നുവെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.

 നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനമായ ബെല്ലിനെ  പുനർജീവിപ്പിക്കാനാ വശ്യമായ നടപടിയും സർക്കാറിന്റെ ഭാഗത്തുനിന്നു ഉണ്ടാവുന്നില്ല.ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അഭാവം ജില്ലയിലെ വിദ്യാർത്ഥികളെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്.ഇവർക്ക് ഏക ആശ്രയം മംഗളൂരുവിലെ സ്വകാര്യ കോളേജുകളാണ്. വികസനം നടന്നുവെന്ന് പറയുന്ന ദേശീയപാത നിർമ്മാണം കേന്ദ്രസർക്കാർ പദ്ധതിയും.ഇതിനായി ഭൂമി ഏറ്റെടുത്ത് കൊടുത്തു എന്നത് മാത്രമാണ് സംസ്ഥാന സർക്കാറിന്റെ ഈ പദ്ധതിയിലെ റോൾ.

ദേശീയപാത നിർമ്മാണത്തിലൂടെയുള്ള പൊതുജനങ്ങൾക്കുണ്ടാക്കുന്ന പ്രയാസങ്ങളും, ബുദ്ധിമുട്ടുകളും ദൂരീകരിക്കാനെങ്കിലും സർക്കാറിന് കഴിയുമായിരുന്നു,അത് പോലും ചെയ്തില്ല.വിവിധ ഇടങ്ങളിൽ ഇപ്പോഴും നാട്ടുകാർ സമരപാതയിലുമാണ്. നാടിനെ വെട്ടി മുറിച്ചുള്ള വൻ മതിലുകൾ സർക്കാറിന്റെ വാർഷികാഘോഷത്തിന് ജില്ലയിലൂടനീളം "മറയായി'' നിൽപ്പുണ്ട് എന്നത് സിപിഎം നേതാക്കളും, സർക്കാറും  ഓർക്കുന്നത് നല്ലതായിരിക്കുമെന്നും വാർഡ് കമ്മിറ്റി പ്രസിഡന്റുമാരായ മുഹമ്മദ് അബ്ക്കോ,കെകെ അഷറഫ്,ടിഎ കുഞ്ഞഹമ്മദ്,രമേഷ് ഗാന്ധിനഗർ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

No comments