JHL

JHL

കടയ്ക്കുള്ളിലിട്ട് തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

 


ബേഡകം : കടയ്ക്കുള്ളിലിട്ട് തിന്നർ ഒഴിച്ചു തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു. ബേഡകം മണ്ണടുക്കയിലെ രാവുണ്ണി - സുധ ദമ്പതികളുടെ മകൾ രമിത (30) ആണ് മരിച്ചത്.
മണ്ണടുക്കയിൽ സ്റ്റേഷനറി കട നടത്തുകയായിരുന്ന രമിതയെ തൊട്ടടുത്ത് ഫർണിച്ചർ കട നടത്തുന്ന തമിഴ്നാട് ചിന്നപട്ടണം സ്വദേശി ശ്യാമാമൃത (57) ആണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് തീവെച്ചത്. ഏപ്രിൽ എട്ടിന് നടന്ന സംഭവത്തിൽ, ശരീരത്തിൽ അൻപത് ശതമാനത്തിലധികം പൊള്ളലേറ്റ രമിത ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്.
ഫർണിച്ചർ കട നടത്തിപ്പുകാരനായ രാമാമൃതത്തെ പിന്നീട് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മദ്യപിച്ച് ശല്യം ചെയ്യുന്നതിനെ തുടർന്ന് കട ഒഴിയാൻ രാമാമൃതത്തോട് രമിത ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. മദ്യപിച്ചെത്തിയ രാമാമൃതം ഫർണിച്ചർ ജോലിക്കായി ഉപയോഗിക്കുന്ന തിന്നർ രമിതയുടെ ശരീരത്തിലൊഴിച്ചതിനുശേഷം കയ്യിൽ കരുതിയിരുന്ന പന്തത്തിന് തീകൊളുത്തി എറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അതേസമയം, കെട്ടിടത്തിന് തീപിടിച്ചതാണെന്നാണ് സംഭവം ശ്രദ്ധയില്പെട്ട പരിസരവാസികൾ ആദ്യം കരുതിയത്. സമീപവാസികളും ബസ് ജീവനക്കാരും ചേർന്നാണ് തീ കെടുത്തിയത്. രമിതയ്‌ക്കൊപ്പം ഉണ്ടായിരുന്ന എട്ടുവയസ്സുകാരനായ മകനും സഹപാഠിയും തലനാരിഴയ്ക്കാണ് പൊള്ളലേൽക്കാതെ രക്ഷപ്പെട്ടത്.
പൊള്ളലേറ്റ രമിതയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. യുവതിയുടെ മരണത്തെ തുടർന്ന് രാമാമൃതത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് ബേഡകം പോലീസ് അറിയിച്ചു.
നന്ദകുമാർ ആണ് ഭർത്താവ്. ദേവനന്ദ് ഏകമകനാണ്. രജന, രമ്യ എന്നിവരാണ് സഹോദരിമാർ.

No comments