JHL

JHL

എടിഎം കൗണ്ടറിന്റെ ഡിജിറ്റൽ ലോക്ക് പൊളിച്ച് കവർച്ചശ്രമം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

കാസർകോട് ∙ എംജി റോഡ് ഹൈലേൻ പ്ലാസ വ്യാപാരസമുച്ചയത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറിന്റെ ഡിജിറ്റൽ ലോക്ക് പൊളിച്ച് കവർച്ചശ്രമം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കവർച്ച ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയായ തച്ചങ്ങാട് അരവത്ത് ക്വാർട്ടേഴ്സിൽ പി.കെ.മുഹമ്മദ് സഫ്‍വ‍ാനെയാണ്(19) കാസർകോട് ടൗൺ എസ്ഐ എം.പി.പ്രദീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

14നു പുലർച്ചെയാണ് കവർച്ചശ്രമമുണ്ടായത്. ഡിജിറ്റൽ ലോക്ക് പൊട്ടിയതോടെ ലോക്കർ തുറക്കാൻ കഴിയാതെ ഇയാൾ ശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. തുടർച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി ലക്ഷ്യമാക്കിയാണ് യുവാവ് കവർച്ചയ്ക്കെത്തിയത്.15ന് രാവിലെ സമീപത്തെ കടയിലെത്തിയവരാണ് എടിഎമ്മിന്റെ ലോക്ക് തകർന്ന നിലയിൽ കണ്ടത്. തുടർന്ന് ബാങ്ക് അധികൃതരെ വിവരമറിയിച്ചു.

 ബാങ്ക് അസി.മാനേജർ കെ.മിഥില കാസർകോട് ടൗൺ പൊലീസിൽ നൽകിയ പരാതിയെ തുടർന്നു കേസെടുത്ത പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുറത്തുള്ള ക്യാമറ ദൃശ്യങ്ങളാണ് കിട്ടിയത്.

ഇതിൽ പുലർച്ചെ 1.17ന് കെട്ടിടത്തിന്റെ പിറകുവശത്ത് നിന്ന് മുഖം കൈകൊണ്ടു മറച്ച് ഒരു യുവാവ് വരുന്നതും കൗണ്ടറിനകത്ത് കയറുകയും പിന്നീട് കുനിഞ്ഞിരിക്കുന്നതും ദൃശ്യത്തിൽ കാണാം. പുറത്തെ ദൃശ്യത്തിൽ മുഖം അൽപ സമയം മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ. കഞ്ചാവ് ലഹരിയിലാണ് യുവാവിന്റെ കവർച്ചാശ്രമമെന്നു പൊലീസ് സംശയിക്കുന്നു.

ബൈക്ക് മോഷണം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയായ പി.കെ.മുഹമ്മദ് സ‍ഫ്‍വാൻ 14നു പുലർച്ചെയായിരുന്നു എടിഎം കൗണ്ടറിൽ കയറി കവർച്ചശ്രമം നടത്തിയത്. ഇതു പാളിപ്പോയതോടെ 15ന് വൈകിട്ട് 6.30ന് കാസർകോട് പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ യുകെ മാൾ വ്യാപാര സമുച്ചയത്തിനു താഴെയുള്ള പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചു. ആലംപാടിയിലെ നൗഷാദിന്റെ ബൈക്കാണ് കവർന്നത്. ഇതു സംബന്ധിച്ച് അന്നുരാത്രി തന്നെ പൊലീസ് കേസെടുത്തിരുന്നു. ബൈക്ക് മോഷണത്തിന്റെ അന്വേഷണത്തിലാണ് എടിഎം കവർച്ചശ്രമത്തിലെ പ്രതിയിലേക്ക് പൊലീസ് എത്തിയത്.

അവിടെ നിന്ന് ലഭിച്ച ക്യാമറ ദൃശ്യത്തിൽ മുഖം വ്യക്തമായിരുന്നു. രണ്ട് ദൃശ്യങ്ങളിലും കാണുന്ന ആൾ ധരിച്ച വസ്ത്രം ഒന്നായിരുന്നു. തുടർന്ന് ഈ ദൃശ്യങ്ങൾ സമീപത്തെ പൊലീസ് സ്‌റ്റേഷനുകളിലേക്ക് കൈമാറിയപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്.

ബേക്കൽ, കാസർകോട് സ്‌റ്റേഷനുകളിലായി വാഹനക്കവർച്ച ഉൾപ്പെടെ ആറോളം കേസുകളിൽ പ്രതിയാണ് മുഹമ്മദ് സഫ്‌വാനെന്ന് പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ടൗൺ എസ്ഐയെ കൂടാതെ ബേക്കൽ എസ്‌ഐ സവ്യസാചിയും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


No comments