JHL

JHL

വീട്ടുമുറ്റത്ത് പടക്കം പൊട്ടിച്ചതിനെ ചൊല്ലി തർക്കം: പിതാവും മകനും ഉൾപ്പെടെ നാലുപേർക്ക് വെട്ടേറ്റു

ചെർക്കള : വീടിനുമുന്നിൽ പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ പിതാവും മകനും ഉൾപ്പെടെ നാലുപേർക്ക് വെട്ടേറ്റു. ചെങ്കള സിറ്റിസൺ നഗർ ഫയാസ് വില്ലയിലെ മുൻ പ്രവാസി ഇബ്രാഹിം സൈനുദ്ദീൻ (62), മകൻ മുഹമ്മദ് ഫവാസ് (20), ബന്ധുക്കളായ റസാഖ് (50), ടി.എം. മുഹമ്മദ് മുർഷിദ് (28) എന്നിവർക്കാണ് വെട്ടേറ്റത്. ചെങ്കള നാലാം മൈലിൽ സഹകരണ ആസ്പത്രിക്ക് എതിർവശം ഞായറാഴ്ച രാത്രി 11.15-നാണ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഫവാസിനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലും മറ്റുള്ളവരെ ചെങ്കള സഹകരണ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

മുൻ പ്രവാസി നാലാം മൈലിലെ കെ.സി. മുസ്തഫയുടെ വീടിന് മുന്നിൽ തൈവളപ്പ് എരുമാളത്തുള്ള യുവാക്കൾ പടക്കം പൊട്ടിച്ചു. വീട്ടുടമസ്ഥൻ ഉൾപ്പെടെയുള്ളവർ പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും ആവർത്തിച്ചു. സമീപത്തുണ്ടായിരുന്നവർ ചോദ്യം ചെയ്തപ്പോൾ തട്ടുകടയിൽ ചായകുടിച്ചുകൊണ്ടിരുന്ന പടക്കംപൊട്ടിച്ചവരിലൊരാൾ മുഹമ്മദ് ഫവാസിന്റെ മുഖത്ത്‌ തിളച്ച ചായ ഒഴിച്ചു. ഇതിനിടെ പ്രശ്‌നം പറഞ്ഞ് തീർത്ത്‌ പടക്കം പൊട്ടിച്ചവരെ പറഞ്ഞുവിട്ടു.

കെ.സി. മുസ്തഫയുടെ മകൻ സംഭവം ഫോണിലൂടെ പറഞ്ഞറിഞ്ഞ് സ്ഥലത്തെത്തിയ ഇബ്രാഹിം സൈനുദ്ദീനും ബന്ധുക്കളും മുഹമ്മദ് ഫവാസിനെയും കൂട്ടി വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ആക്രമണം നടന്നത്. ഇവർക്ക് പിന്നാലെ എറമാളത്തുനിന്ന് വടിവാളും കത്തികളും കുരുമുളക് സ്‌പ്രേയുമായി എത്തിയ പത്തോളംപേർ മുഹമ്മദ് ഫവാസിന്റെ മുഖത്തേക്ക് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചശേഷം ആക്രമിക്കുകയായിരുന്നുവെന്നാണ് ചെങ്കള സഹകരണ ആസ്പത്രിയിൽ കഴിയുന്നവർ പറയുന്നത്.

കണ്ടാലറിയാവുന്ന അഞ്ചുപേരടക്കം പത്തുപേർക്കെതിരെ വിദ്യാനഗർ പോലീസ് വധശ്രമത്തിന് കേസെടുത്തു. ആക്രമണം നടത്തിയ എറമാളത്തെ അബ്ദുൾ ഖാദർ (24), മുഹമ്മദ് അസറുദ്ദീൻ (29), മൊയ്തു 68) എന്നിവരെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു. ഇബ്രാഹിം സൈനുദ്ദീന്റെ തലയ്ക്ക് കത്തികൊണ്ട് മൂന്നുതവണ കുത്തുന്നത് ഉൾപ്പെടെയുള്ള ആക്രമണദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

No comments