മാലിന്യം വലിച്ചെറിഞ്ഞാൽ കർശന നടപടി; പ്രസിഡന്റിന്റെ നേതൃത്വത്തിൽ കടലോരം വൃത്തിയാക്കി
വീടുകളിലെയും സ്ഥാപനങ്ങളിലെയും ആഘോഷ പരിപാടികളിലേയും പ്ലാസ്റ്റിക് മാലിന്യം ഹരിത കർമസേനക്ക് നൽകാതെ കടലിലേക്കും തീരത്തേക്കും വലിച്ചെറിയുന്നവർക്കെതിരെ 5000 രൂപ പിഴയടക്കമുള്ള കർശന നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് താഹിറാ-യൂസഫും വൈസ് പ്രസിഡന്റ് നാസർ മൊഗ്രാലും പറഞ്ഞു.
കുമ്പള ഗ്രാമപഞ്ചായത്തിലെ തീരമേഖലയിൽ സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ശുചിത്വസാഗരം, സുന്ദരതീരം’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. സംസ്ഥാന ഫിഷറീസ് വകുപ്പ്, യുവജനക്ഷേമം, തദ്ദേശസ്വയംഭരണം, ടൂറിസം വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മത്സ്യത്തൊഴിലാളികൾ, സന്നദ്ധസംഘടനകൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഹരിത കർമസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ശുചിത്വ മിഷൻ, ക്ലീൻ കേരള മിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്
വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരടക്കം നൂറുകണക്കിനാളുകൾ പരിപാടിയിൽ സംബന്ധിച്ചു.
കുമ്പളയിലെ തീരദേശമേഖലയിൽ കോയിപ്പാടി കടപ്പുറം, പെറുവാഡ് കടപ്പുറം, മൊഗ്രാൽ നാങ്കി കടപ്പുറം എന്നിവിടങ്ങളിലായി പരിപാടികൾ സംഘടിപ്പിച്ചു. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ എന്നിവക്ക് കൈമാറി.
Post a Comment