പൈവളിഗെയിൽ 42കാരനോടൊപ്പം 15കാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ട സംഭവത്തിൽ ആത്മഹത്യയാണെന്ന മുൻധാരണ വേണ്ട, കൊലപാതകമാണോ എന്ന് അന്വേഷിക്കണം -ഹൈകോടതി
കോടതി നിർദേശിച്ച പ്രകാരം കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്.എച്ച്.ഒ വിനോദ്കുമാർ ചൊവ്വാഴ്ച നേരിട്ട് ഹാജരായിരുന്നു.
പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ച ദിവസംതന്നെ അന്വേഷണം തുടങ്ങിയിരുന്നതായി എസ്.എച്ച്.ഒ വ്യക്തമാക്കി. കാണാതായ ദിവസംതന്നെ ഇരുവരും മരിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
കേസ് ഡയറി പരിശോധിക്കുമ്പോൾ ചില കാര്യങ്ങളിൽ അവ്യക്തതയുണ്ടെങ്കിലും അന്വേഷണം മോശം രീതിയിലാണെന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹരജിയിലെ ആവശ്യത്തിന് ഇനി പ്രസക്തിയില്ലെങ്കിലും തുടർനടപടികൾ ഈ ഘട്ടത്തിൽ അവസാനിപ്പിക്കുന്നില്ല.
സംഭവം സംബന്ധിച്ച വാർത്തകൾ ഒറ്റ ദിവസംകൊണ്ട് തീരുമെങ്കിലും വീട്ടുകാർ അനുഭവിക്കുന്ന മാനസിക സംഘർഷം ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതാണ്. പരിഹരിക്കാനാവാത്ത പ്രഹരമാണ് ഇത് മാതാപിതാക്കൾക്ക് നൽകുന്നത്. ഒമ്പതിലോ പത്തിലോ പഠിക്കുന്ന വിദ്യാർഥിനികൾ ഒളിച്ചോടി പോയതാണെന്ന് പറയാനാവില്ല. അന്വേഷണം ഉചിതമായിരുന്നില്ലെന്ന മാതാപിതാക്കളുടെ സംശയം ദൂരീകരിക്കേണ്ടതുണ്ട്.
അതിനാൽ, പരാതി ലഭിച്ച ദിവസം മുതൽ പൊലീസ് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നത് സംബന്ധിച്ച പത്രിക സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. അന്വേഷണത്തിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും വ്യക്തമാക്കി.
Post a Comment