ഓവുച്ചാൽ നിർമ്മാണത്തിൽ മെല്ലെപോക്ക്; മൊഗ്രാൽ ടൗണിൽ ഗതാഗത തടസ്സം നിത്യ സംഭവം
മൊഗ്രാൽ(www.truenewsmalayalam.com) : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൊഗ്രാൽ ടൗണിൽ നടക്കുന്ന ഓവുചാൽ നിർമ്മാണത്തിലെ മെല്ലെ പോക്ക് കാരണം തിരക്കേറിയ സർവീസ് റോഡിൽ ഗതാഗത സ്തംഭനത്തിനും, പരീക്ഷാകാലത്ത് വിദ്യാർത്ഥികളടക്കമുള്ള വഴിയാത്രക്കാർക്ക് കാൽനടയാത്രയ്ക്കും ദുരിതമാവുന്നതായി പരാതി.
ടൗണിലെ അവശേഷിച്ച കേവലം 200 മീറ്ററോളം വരുന്ന ഓവുചാൽ നിർമ്മാണത്തിന്റെ ജോലിയാണ് രണ്ടാഴ്ചയോളമായി നടന്നുവരുന്നത്.ഒന്നിടവിട്ട ദിവസങ്ങളിലാണ് ജോലിയും.
ജോലികൾ മൊഗ്രാൽ അടിപാതയ്ക്ക് സമീപമായതിനാൽ തന്നെ ഗതാഗത തടസ്സത്തിന് കാരണമാവുന്നുണ്ട്.ഇവിടെ സർവീസ് റോഡിൽ ഒരു വാഹനത്തിന് മാത്രം പോകാവുന്ന തരത്തിൽ നിർമ്മാണത്തിന്റെ ഭാഗമായി ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.
ഇവിടെ യാത്രക്കാരെ കയറ്റാൻ സമീപത്ത് ബസുകളും മറ്റും നിർത്തിയിടുന്നതും ഗതാഗത തടസ്സത്തിന് കാരണമാവുന്നുമുണ്ട്.
സ്കൂൾ റോഡിലേക്ക് അടിപ്പാത വഴി പോകാനും, വരാനുമുള്ള സർവീസ് റോഡിന് സമീപമാണ് ഓവുചാല്‍ നിർമ്മാണം നടക്കുന്നത്.ഇത് വിദ്യാർത്ഥികൾ അടക്കമുള്ള കാൽനട യാത്രക്കാർക്കും പ്രയാസമുണ്ടാക്കുന്നുണ്ട്.
സ്കൂൾ റോഡിലൂടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് പോകുന്നത്.ഇതുവഴി "ഗ്രാമ വണ്ടിയും'' സർവീസ് നടത്തുന്നുണ്ട്. പോരാത്തതിന് കിംഫ്ര, അനന്തപുരം,കെൽ തുടങ്ങിയ വ്യവസായ,വാണിജ്യ കേന്ദ്രങ്ങളിലേക്കുള്ള വാഹനവും സ്കൂൾ റോഡ് വഴി പോകുന്നുണ്ട്.
ഓവുചാല്‍ നിർമ്മാണം മന്ദഗതിയിലായതോടെ ഇവിടെ വാഹന ഗതാഗതത്തിന് തടസ്സമാകുന്നുണ്ട്.
ടൗൺ പരിസരമായതിനാൽ തുടങ്ങി വെച്ച നിർമ്മാണ ജോലികൾ വേഗത്തിലാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment