JHL

JHL

മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ നാളെ റമദാൻ ഒന്ന്

 


കോഴിക്കോട്(www.truenewsmalayalam.com)  : മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച റമദാൻ ഒന്ന് ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. പൊന്നാനിയിലും കാപ്പാടും വർക്കലയിലുമാണ് മാസപ്പിറവി കണ്ടത്.

ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഇബ്രാഹിം ഖലീൽ ബുഹാരി തങ്ങൾ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.

അതേസമയം, വെള്ളിയാഴ്ച‌ വൈകീട്ട് മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച റമദാൻ ഒന്ന് സ്ഥിരീകരിച്ച് വ്രതം ആരംഭിച്ചിരുന്നു. സൗദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം വെള്ളിയാഴ് ശഅ്ബാൻ 29 പൂർത്തിയായതിനാൽ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സുപ്രീംകോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

സാധാരണ മാസപ്പിറവി നിരീക്ഷിക്കാറുള്ള തുമൈർ, അൽ ഹരീഖ്, ശഖ്റ, ഹുത്ത സുദൈർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇത്തവണയും നിരീക്ഷണത്തിന് സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും എല്ലാ സ്ഥലങ്ങളിലും ആകാശം മേഘവൃതം ആയതിനാലും പൊടിക്കാറ്റ് ഉണ്ടായതിനാലും നിരീക്ഷണത്തിന് പ്രയാസമുണ്ടാക്കിയിരുന്നു. എന്നാൽ, തുമൈറിൽ ആകാശം തെളിഞ്ഞതോടെ ചന്ദ്രക്കല ദൃശ്യമാവുകയായിരുന്നു.

No comments