അതിതീവ്ര വെളിച്ചം ഉപയോഗിച്ച് രാത്രി അനധികൃത മത്സ്യബന്ധനം ; കർണാടക ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ്
12 വാട്സിൽ താഴെ വെളിച്ച സംവിധാനം ഉപയോഗിക്കാനാണ് അനുമതി. ഇത് ലംഘിച്ച് അന്തർ സംസ്ഥാന തൊഴിലാളികളെ ഉൾപ്പെടുത്തി 5000 വാട്സ് വരെയുള്ള ലൈറ്റ് ഉപയോഗിച്ചാണ് മത്സ്യബന്ധനം നടത്തിയത്. എൽ.ഇ.ഡി, ഫ്ലൂറസെന്റ് ലൈറ്റ് എന്നിവ ബോട്ടിൽ ഘടിപ്പിച്ച് നടുക്കടലിൽ വലിയ വെളിച്ചമുണ്ടാക്കും. വെളിച്ചം ആകർഷിച്ചെത്തുന്ന മീൻകൂട്ടത്തെ നേരത്തെ സജ്ജമാക്കിയ വലയിൽ കോരിയെടുക്കുകയാണ് ചെയ്യുന്നത്.
ഫിഷറീസ് വകുപ്പ്-മറൈൻ എൻഫോഴ്സ്മെന്റ്-കോസ്റ്റൽ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ടുകൾ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി കാസർകോട് തീരത്തുനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ അതിതീവ്ര വെളിച്ചം ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയതിന് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി.
കർണാടകയിൽനിന്നുള്ള അഹാൻ അയാൻ, അൻഷി എന്നീ ബോട്ടുടമകൾക്കെതിരെയാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് പിഴ വിധിച്ചത്. ഫിഷറീസ് അസി. ഡയറക്ടർ എൻ. സോണിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്. മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങിലെ എസ്.സി.പി.ഒ ശരത്കുമാർ, തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ രതീഷ്, കുമ്പള കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ രതീഷ്, സീ റെസ്ക്യൂ ഗാർഡുമാരായ അജീഷ് കുമാർ, സേതുമാധവൻ, സ്രാങ്ക് ഷൈജു, ഡ്രൈവർ സതീശൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Post a Comment