കുമ്പളയിൽ ട്രാഫിക് പരിഷ്കരണത്തിന് പഞ്ചായത്ത് പദ്ധതി; തടസ്സങ്ങൾ നീങ്ങി, ബസ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സ് ഉയരും
കുമ്പള(www.truenewsmalayalam.com) : കുമ്പള ടൗണിൽ ട്രാഫിക് സംവിധാനത്തിൽ അടിമുടി മാറ്റം വരുത്താൻ കുമ്പള ഗ്രാമപഞ്ചായത്ത്. ഒപ്പം ബസ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സും ഉയരും. ഇതിനായുള്ള തടസ്സങ്ങൾ നീങ്ങി.
തദ്ദേശ വകുപ്പ് മന്ത്രിയുടെ ഡേറ്റ് കിട്ടിയാലുടൻ ഷോപ്പിംഗ് കോംപ്ലക്സിന് തറക്കല്ലിടും. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുക, ഇതിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്.
ട്രാഫിക് പരിഷ്കരണത്തിൽ വലിയ തോതിലുള്ള മാറ്റങ്ങളാണ് കുമ്പള ഗ്രാമപഞ്ചായത്ത് അടുത്തമാസം തുടക്കത്തിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.
കെഎസ്ആർടിസി അടക്കമുള്ള ബസ്സുകൾ ബദിയടുക്കാ റോഡിൽ ഇരുവശത്തുമായി യാത്രക്കാരെ ഇറക്കാനും, കയറ്റാനും നിർത്തിയിടും. ബസ്സുകൾക്കൊന്നും ബസ് സ്റ്റാൻഡിൽ പ്രവേശനം ഉണ്ടായിരിക്കില്ല. ബദിയടുക്ക റോഡിൽ ഇതിനായി നാലോളം ബസ് വെയിറ്റിംഗ് ഷെഡുകളുടെ ജോലി ദ്രുതഗതിയിൽ നടന്നുവരുന്നുണ്ട്.
2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ട്രാഫിക് പരിഷ്കരണത്തിന് പദ്ധതികൾ നടപ്പിലാക്കുന്നത്. ഇതിനുശേഷം ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികൾ, ടാക്സികൾ എന്നിവരുടെ പ്രശ്നങ്ങളിൽ ശാശ്വത പരിഹാരമുണ്ടാകും.
സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിൽ ആധുനിക സംവിധാനത്തോടുകൂടിയുള്ള റൂമുകൾ,ശുചിമുറി ഒരുക്കും.
പഞ്ചായത്ത് ഭരണസമിതിയുടെ മുഴുവൻ വാഗ്ദാനങ്ങളും ഇതോടെ പൂർത്തിയാവും.
പുതുതായി നിർമ്മിക്കുന്ന മത്സ്യമാർകറ്റിന്റെ പണി അവസാന ഘട്ടത്തിലാണ്. വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ ടൗണിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് പ്രസിഡണ്ട് യുപി താഹിറാ-യൂസഫ്, വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ എന്നിവർ പറഞ്ഞു.
Post a Comment