ആർ ടി ഒ ഓഫീസിൽ പണം കായ്ക്കുന്ന ചെടി ; വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ ചെടിച്ചട്ടിയിൽ സൂക്ഷിച്ച 17150 രൂപ കണ്ടെടുത്തു
കാസർകോട് : മോട്ടോർ വാഹന വകുപ്പ് ജില്ലയിലെ ഓഫിസുകളിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ ചെടിച്ചട്ടിയിൽ സൂക്ഷിച്ച 17150 രൂപ കണ്ടെടുത്തു. പല ഓഫിസുകളിലും ക്രമക്കേടുകൾ കണ്ടെത്തി. വിദ്യാനഗർ, വെള്ളരിക്കുണ്ട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ ആർടിഒ ഓഫിസുകളിലാണ് പരിശോധന നടത്തിയത്. ഡിവൈഎസ്പി വി.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ വിദ്യാനഗർ ആർടിഒ ഓഫിസിൽ നടത്തിയ പരിശോധനയിലാണ് ഓഫിസ് വരാന്തയിലെ ചെടിച്ചട്ടിയിൽ സൂക്ഷിച്ച നിലയിൽ 17150 രൂപ കണ്ടെടുത്തത്. ഇതു ക്രമവിരുദ്ധമായി ലഭിച്ച പണമാണെന്നാണു സംശയിക്കുന്നത്. ഉച്ചയ്ക്ക് ശേഷവും ആർടിഒ ഓഫിസുകളിൽ ഏജന്റുമാരുടെ സാന്നിധ്യം സംശയമുളവാക്കുന്നതായി.
കാഞ്ഞങ്ങാട് ആർടിഒ ഓഫിസിൽ നടത്തിയ പരിശോധനയിൽ ഓഫിസ് സ്റ്റാഫിന്റെ കയ്യിൽനിന്ന് വാഹന സംബന്ധമായ അപേക്ഷകൾ, രേഖകൾ, ഏജന്റുമാർ നൽകേണ്ട ഇരുപതിലേറെ സമ്മത പത്രങ്ങൾ എന്നിവ കണ്ടെടുത്തു. ജില്ലയിലെ ആർടിഒ ഓഫിസുകൾ കേന്ദ്രീകരിച്ചു വ്യാപകമായി അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായും പൊതുജനങ്ങളുടെ പരാതി പരിഗണിക്കാതെ ഏജന്റുമാർ മുഖേന നൽകുന്ന അപേക്ഷകൾ തീർപ്പാക്കുന്നതായുമുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. കാഞ്ഞങ്ങാട്ട് ഇൻസ്പെക്ടർ പി.നാരായണനും വെള്ളരിക്കുണ്ടിൽ കണ്ണൂർ വിജിലൻസ് ഇൻസ്പെക്ടർ കെ.സുനിൽ കുമാറുമാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.


Post a Comment