JHL

JHL

നെല്ലിക്കുന്ന് ബീച്ച്: ടൂറിസം വികസനത്തിന് കേളികെട്ടുണർന്നു, "ലൈറ്റ് ഹൗസ്'' ആകർഷക കേന്ദ്രമാവും

കാസർഗോഡ്. അർജുൻ പാണ്ഡ്യൻ ഐഎഎസ് ജില്ലാ കളക്ടറായി കാസറഗോഡ് നിയമിതനായതിന് ശേഷം ജില്ലയിലെ ടൂറിസം വികസന രംഗത്ത് വലിയ ഉണർവാണ് ഉണ്ടായിട്ടുള്ളത്. ജില്ലയിലെ ജനങ്ങൾ ആഗ്രഹിച്ചതുപോലെ ജില്ലയിലെ മനോഹരങ്ങളായ ഭൂപ്രദേശങ്ങൾ,"പൊ സഡിഗുംബെ'' പോലുള്ള മലനിരകൾ, വിശാലമായ കടൽ തീരങ്ങൾ, ചരിത്രത്താളുകളിൽ അന്തിയുറങ്ങുന്ന കോട്ടകൾ,പ്രകൃതി ഭംഗി തുളുമ്പുന്ന ചന്ദ്രഗിരി, മൊഗ്രാൽ പുഴകൾ എല്ലാം കോർത്തിണക്കി ടൂറിസം വികസനം യാഥാർത്ഥ്യമാക്കാനുള്ള വലിയൊരു കാഴ്ചപ്പാട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ്  ജനങ്ങൾക്കൊപ്പം ഇതിനകം പങ്കുവെച്ചു കഴിഞ്ഞു.ജില്ലയിൽ ടൂറിസം പദ്ധതികളിൽ പരിഗണനയിലിരിക്കുന്ന ഒട്ടുമിക്ക പ്രദേശങ്ങളും ജില്ലാ കലക്ടർ ഇതിനകം സന്ദർശനം നടത്തിയിട്ടുമുണ്ട്. അർജുൻ പാണ്ഡ്യൻ നേരത്തെ കലക്ടറാ യിരുന്ന തൃശ്ശൂർ ജില്ലയിലും ടൂറിസം പദ്ധതികളിൽ ഉണ്ടായിട്ടുള്ള മുന്നേറ്റം കാസർഗോഡ് ജില്ലയിലും ഉണ്ടാകുമെന്ന പ്രതീക്ഷ ജനങ്ങൾക്കുമുണ്ട്.

 ലോക സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ചരിത്ര പൈതൃകവും, കായിക-വിനോദ സഞ്ചാര സാധ്യതകളും കോർത്തിണക്കി ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച "കാസർഗോഡ് ഫോർട്ട് റൈഡ്-2026'' ജില്ലയിലെ ടൂറിസം പ്രേമികൾക്ക് ആവേശം പകരുന്നതായിരുന്നു.
 കാസർഗോഡ് ബേക്കൽ ബീച്ചിനെ പോലെ വിശാലമായ കടൽത്തീരമുള്ള പ്രദേശമാണ് നെല്ലിക്കുന്ന് കടപ്പുറം. ഇവിടത്തെ ലൈറ്റ് ഹൗസ് തന്നെയാണ് ഏറെ ആകർഷകവും. ദിവസേന നെല്ലിക്കുന്ന് ബീച്ചിൽ നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്നുണ്ട്.ഒട്ടുമിക്ക ദിവസങ്ങളിലും ബീച്ചിൽ വൈകുന്നേരങ്ങളിൽ വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്.കാസർഗോഡ് നഗരസഭ കഴിഞ്ഞ വർഷം ടൂറിസം വികസനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി"ബീച്ച് ഫെസ്റ്റ്''നടത്താൻ ആലോചിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടക്കാതെ പോയി. ജില്ലയുടെ 42-ആം പിറന്നാൾ ദിനത്തോടനുബന്ധിച്ച് ജില്ലാ കളക്ടർ മുൻകൈയെടുത്ത് നടത്തിയ "കാസറഗോഡ് നെല്ലിക്കുന്ന് ബീച്ച് റൺ'' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.ഇത് നെല്ലിക്കുന്ന് ബീച്ചിൽ വരാനിരിക്കുന്ന ടൂറിസം വികസനത്തിന്റെ തുടക്കമാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നുമുണ്ട്.
 കാസറഗോഡിന്റെ ടൂറിസം ഭൂപടത്തിലേക്ക് നെല്ലിക്കുന്ന് ബീച്ചിന്റെ മനോഹാരിത കൂടി കൂട്ടിച്ചേർക്കാൻ വിപുലമായ പദ്ധതികളാണ് ജില്ലാ ഭരണകൂടവും,ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും, കാസർഗോഡ് നഗരസഭയും കൈകോർത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്.ഇതിന്റെ ഭാഗമായാണ് "കാസർഗോഡ് ബീച്ച് റൺ 2026" സംഘടിപ്പിച്ചതും.

No comments