JHL

JHL

ആരോഗ്യം ക്ഷയിച്ച് കുമ്പളയിലെ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ

കുമ്പള.കുമ്പള ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 75 വർഷം പഴക്കമുള്ള സർക്കാർ ആശുപത്രിയായ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിൽ(ബി എഫ് എച്ച് സി) രോഗികൾക്ക് ദുരിതം.നേരത്തെ ഇത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായിരുന്നു( സി എച്ച് സി). കഴിഞ്ഞവർഷമാണ് ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തിയത്.എന്നാൽ അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ ആരോഗ്യ കേന്ദ്രം രണ്ടു പതിറ്റാണ്ടുകളായി അവഗണന നേരിടുകയാണ്.

 പഴക്കം ചെന്ന ഓട് മേഞ്ഞ കെട്ടിടത്തിലാണ് ആശുപത്രി കെട്ടിടം പ്രവർത്തിക്കുന്നത്. അതിൽ ഒരു കെട്ടിടം ചോർച്ചയുടെയും, മേൽക്കൂര ദ്രവിച്ചതുകൊണ്ടും കഴിഞ്ഞവർഷം അടിച്ചുപൂട്ടി.ഇതോടെ അസൗകര്യങ്ങളാൽ വീർപ്പ് മുട്ടിയാണ് ദൈനംദിന പ്രവർത്തനങ്ങൾ നടന്ന പോകുന്നത്.എത്തുന്ന രോഗികൾക്ക് നിന്ന് തിരിയാൻ ഇടമില്ല. മത്സ്യത്തൊഴിലാളികളും,കർഷകരും ഉൾപ്പെടെ സാധാരണക്കാരായ ജനവിഭാഗം ആശ്രയിക്കുന്ന കുമ്പളയിലെ ഏക സർക്കാർ സ്ഥാപനമാണിത്. 

ദിവസേന ഏകദേശം മുന്നൂറിൽപരം രോഗികൾ ഇവിടെയെത്തുന്നുണ്ട്. ഇതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യം ആശുപത്രിയിലില്ല.
ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടറും, ജീവനക്കാരുമില്ലാത്തത് രോഗികൾക്ക് വലിയ ദുരിതമാണുണ്ടാ ക്കുന്നത്. ഡോക്ടർമാർ ഇല്ലാത്തതിന്റെ പേരിൽ ഒ പി വിഭാഗം പലപ്പോഴും നിർത്തിവയ്ക്കേണ്ടിയും വരുന്നു. ദൂരസ്ഥലങ്ങളിൽ നിന്ന് എത്തിയ രോഗികളടക്കം പലരും ഡോക്ടറില്ലാത്തതിന്റെ പേരിൽ തിരിച്ചുപോകുന്ന അവസ്ഥയും ആശുപത്രിയിലുണ്ട്. ലാബിലും, ഫാർമസിയിലും സ്റ്റാഫ് ഇല്ലാത്തത് ടെസ്റ്റിനും, മരുന്നു വാങ്ങാനും കാലതാമസമെ ടുക്കുന്നുണ്ട്. ഡോക്ടർമാർ അവധിയിൽ പോയതോടെ 300 ഓളം രോഗികളെ നോക്കാൻ ഒന്നോ,രണ്ടോ ഡോക്ടർമാർ മാത്രമാണ് ആശുപത്രിയിൽ ഉള്ളത്.ഇവർക്ക് മറ്റ് ഓഫീസ് ജോലികളും ചെയ്യേണ്ടിവരുന്നത് മൂലം രോഗികൾ ഡോക്ടറെ കാണാതെ മടങ്ങേണ്ടി വരുന്നതും നിത്യ സംഭവമാണ്.

 വിശാലമായ ആശുപത്രി കെട്ടിടം പുനർ നിർമ്മിക്കുന്നതിന് നേരത്തെ 2023-24 വർഷത്തെ ധനകാര്യ കമ്മീഷനിൽ ഉൾപ്പെടുത്തുന്നതിനായി പ്രൊപ്പോസൽ സമർപ്പിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ആശുപത്രി വികസനത്തിന് മുറവിളി കൂട്ടുകയാണ് നാട്ടുകാർ.

 ആശുപത്രി കെട്ടിടത്തിന്റെ പ്രധാന കെട്ടിടങ്ങളിലൊന്ന് ഫിറ്റ്നസ് ഇല്ലാത്തതിന്റെ പേരിൽ കഴിഞ്ഞവർഷം അടച്ചുപൂട്ടി.പുതിയ കെട്ടിടം നിർമ്മിക്കാൻ കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി 4.36 കോടി രൂപ അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും ഇതിനും തുടർനടപടികളില്ല. 

 വിഷയം  ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ ശ്രദ്ധയിലും കോൺഗ്രസ് പ്രവർത്തകരും,സന്നദ്ധ സംഘടന പ്രവർത്തകരും പെടുത്തിയിട്ടുണ്ട്. നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.



No comments