JHL

JHL

വറുതിയിൽ നിന്ന് വറുതിയിലേക്ക്: മത്സ്യ ലഭ്യത കിട്ടാതെ പട്ടിണിയിലായ മത്സ്യത്തൊഴിലാളികൾക്ക് വീണ്ടും വറുതിയുടെ കാലം, ജൂൺ 9ന് ട്രോളിംഗ് നിരോധനം

കാസർഗോഡ്. മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് അറുതിയില്ല. മത്സ്യ ചാകരയുടെ നാളുകളിൽ പോലും മീൻ ലഭിക്കാതെ വെറുംകയ്യോടെ മടങ്ങിവരേണ്ടിവന്ന മത്സ്യത്തൊഴിലാളികൾക്ക് ഇനി വീണ്ടും വിശ്രമകാലം.ജൂൺ 9ന് ട്രോളിംഗ് നിരോധനം ആരംഭിക്കാനിരിക്കെ എന്തുചെയ്യണമെന്നറിയാതെ നെടുവീർപ്പിടു കയാണ് മത്സ്യത്തൊഴിലാളികൾ.

 മുമ്പെങ്ങുമില്ലാത്ത ചൂടുകാലമാണ് കഴിഞ്ഞുപോയത്. കാസർഗോഡ് ജില്ലയിൽ മാത്രമായി 39 ഡിഗ്രി സെൽസ്യസാണ് രേഖപ്പെടുത്തിയ ചൂട്. ഇത് കടലിലാകുമ്പോൾ ചൂടിന്റെ കാഠിന്യം കൂടും. ശക്തമായ ചൂടിൽ മത്സ്യ ലഭ്യത ഇല്ലാതായതോടെയാണ് ശരിക്കും മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായത്. മഴക്കാലത്തും, വേനൽക്കാലത്തും മത്സ്യബന്ധനത്തിന്റെ വാതിലടഞ്ഞതോടെ കുടുംബങ്ങൾ തീർത്തും പട്ടിണിയിലായി. ഉൾക്കടലിലെ അസഹ്യമായ ചൂട് മത്സ്യ സമ്പത്തിന് വലിയ ഭീഷണി ഉയർത്തിയതായി മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം വർഷം മുഴുവൻ നീണ്ടുനിൽക്കുന്നത് മത്സ്യ ബന്ധനത്തിന് തടസ്സമാവുകയും ചെയ്തു.ആറുമാസം ജോലിയും,ആറുമാസം വിശ്രമവുമായിരുന്നു നേരത്തെ മത്സ്യത്തൊഴിലാളികളുടേത്.ഇപ്പോൾ ഇതൊക്കെ അന്യമായി കൊണ്ടിരിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ സങ്കടത്തോടെ പറയുന്നുമുണ്ട്.

 ലക്ഷക്കണക്കിന് രൂപ വായ്പയെടുത്ത് വലയും,വള്ളങ്ങളും, യന്ത്രങ്ങളും വാങ്ങിയ മത്സ്യത്തൊഴിലാളികളാണ് ഏറെ ദുരിതത്തിലായി രിക്കുന്നത്. മണ്ണെണ്ണയ്ക്കും ഡീസലിനും ചിലവായ തുക പോലും മത്സ്യബന്ധനത്തിൽ ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നുമുണ്ട്.

അതിനിടെ വരാനിരിക്കുന്ന കാലവർഷം തീരദേശവാസികളെയും, മത്സ്യത്തൊഴിലാളികളെയും ഏറെ ഭയപ്പെടുത്തുന്നുണ്ട്. കടലേറ്റവും, കടലാക്രമണവും തീരമേഖലയിൽ ഓരോ വർഷവും ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ ചില്ലറയല്ല.ജീവൻ നഷ്ടപ്പെടുന്നവർ,വീടുകൾ നഷ്ടപ്പെടുന്നവർ, സ്ഥലം നഷ്ടപ്പെടുന്നവർ, വലയും,വള്ളങ്ങളും, യന്ത്രങ്ങളും അടക്കമുള്ളവ നഷ്ടപ്പെടുന്നവർ ജില്ലയിൽ ഏറെയാണ്.ഈ ദുരിതവും,നാശ നഷ്ടങ്ങളും  നേരിടേണ്ടിവരുന്ന സങ്കടവും മത്സ്യത്തൊഴിലാളികൾക്കുണ്ട്.തീരമേഖലയിൽ കടലേറ്റം തടയാൻ സർക്കാർ പദ്ധതികളൊന്നു മില്ലാത്തതും പ്രദേശ വാസികളെ ഭയപ്പെടുത്തുന്നുമുണ്ട്.



No comments