JHL

JHL

കുമ്പള സ്കൂൾ റോഡിലെ മൈതാന ചുറ്റു മതിൽ ഇടിഞ്ഞു വീഴുന്നു, അപകട സാധ്യത ഏറെ

കുമ്പള. അപകടം സംഭവിച്ചതിന് ശേഷം നടപടി സ്വീകരിക്കുന്നഭരണസംവിധാനമാണ് ജില്ലയിലുള്ളത്. നടന്നിട്ടുള്ള എല്ലാ അപകടങ്ങളും പരിശോധിച്ചാൽ ഇത് മനസ്സിലാക്കാവുന്നതുമാണ്. മഴക്കാലത്തിനു മുമ്പ് പരിശോധിക്കേണ്ടതും, നടപടി സ്വീകരിക്കേണ്ടതുമായ ഒന്നിനും പരിഹാരമില്ല.

 മഴക്കാലം ആരംഭിച്ചത് മുതൽ കുമ്പള സ്കൂൾ റോഡിലേക്ക് സ്കൂൾ മൈതാനത്തെ കാലപ്പഴക്കം ചെന്ന ചുറ്റുമതിൽ ഇടിഞ്ഞു വീഴുന്നത് പതിവാണ്.ഒരു ഭാഗം മഴയുടെ തുടക്കത്തിൽ തന്നെ ഇടിഞ്ഞുവീണു. ഇന്നിപ്പോൾ ഏത് നിമിഷവും ഇടിഞ്ഞ് വീഴാൻ പാകത്തിലാണ് ചുറ്റുമതിൽ ഉള്ളത്. ശക്തമായ മഴക്കാലം വരാനിരിക്കുന്നതേയുള്ളൂ.

 നൂറ് കണക്കിന് വിദ്യാർത്ഥികൾ, അധ്യാപകർ, മത്സ്യത്തൊഴിലാളികൾ,നാട്ടുകാർ, സമീപപ്രദേശത്തെ വ്യാപാരികൾ എല്ലാവരും നടന്നു പോകുന്ന സ്കൂൾ റോഡിലാണ് ഈ അപകട ഭീഷണി നിലനിൽക്കുന്നത്.കാർ അടക്കമുള്ള നിരവധി വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും നിർത്തിയിടുന്നതും ഇവിടെ തന്നെയാണ്.വലിയ അപകട ഭീഷണി നിലനിൽക്കുമ്പോഴും തൊട്ടടുത്ത നിൽക്കുന്ന കുമ്പള ഗ്രാമപഞ്ചായത്തിൽ നിന്നോ,ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗത്തുനിന്നോ സന്ദർശനമോ, പരിശോധനയോ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

 അപകടത്തിന് കാത്തു നിൽക്കാതെ റോഡിലേക്ക് വീഴാൻ പാകത്തിൽ ചാഞ്ഞു കിടക്കുന്ന സ്കൂൾ മൈതാനത്തിന്റെ ചുറ്റുമതിൽ മുഴുവനായും പൊളിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും, മത്സ്യത്തൊഴിലാളികളും, വിദ്യാർത്ഥികളും ആവശ്യപ്പെടുന്നത്.


No comments