JHL

JHL

ശക്തിപ്രാപിക്കുന്ന കാലവർഷം: വെള്ളക്കെട്ടിൽ വലഞ്ഞ് ജനം

കുമ്പള.മഴ കനത്തതോടെ നാട് മുഴുവൻ വെള്ളക്കെട്ടിൽ. വെള്ളക്കെട്ടുകൾ തടയാനുള്ള നടപടികളിൽ കാലതാമസമെടുത്ത താണ് ദുരിതമായത്.ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയും,ജില്ലാ ഭരണകൂടത്തിന്റെയും, ജനപ്രതിനിധികളുടെയും,ആർ ഡി ഓ യുടേയും നിർദ്ദേശങ്ങളൊന്നും  ബന്ധപ്പെട്ടവർ ഗൗരവത്തോടെ ചെവിക്കൊണ്ടില്ലാ എന്നത് ശരിവെക്കുന്നതാണ് വെള്ളക്കെട്ടുകൾ. മഴക്കാല മുന്നൊരുക്ക ശുചീകരണം പലയിടത്തും പ്രഹസനമായി മാറി. ഓടകളും, ഓവുചാലുകളും, കലുങ്കുകളും ഇപ്പോഴും അടഞ്ഞു നിൽക്കുന്ന സ്ഥലങ്ങൾ ഏറെയുണ്ട്. ഇവിടങ്ങളിൽ വെള്ളക്കെട്ടുകൾ രൂപാന്തരപ്പെട്ടിട്ടുമുണ്ട്.ഇത് ചിലയിടങ്ങളിൽ ഗതാഗത തടസ്സത്തിനും കാരണമായിട്ടുണ്ട്.

 മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പിഡബ്ല്യുഡി റോഡ് വെള്ളത്തിൽ മുങ്ങി. ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കാൻ മൂന്നുമാസം മുമ്പ് തന്നെ റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചിരുന്നുവെങ്കിലും കരാർ എടുത്ത കരാറുകാരൻ പ്രവൃത്തി തുടങ്ങാത്തത് വിദ്യാർത്ഥികൾക്കും, കാൽനടയാത്രക്കാർക്കും ദുരിതമായി. സ്കൂളിന് സമീപം ട്രാൻസ്ഫോർമർ സ്ഥിതിചെയ്യുന്ന റോഡിലാണ് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ഇത് നടന്നു പോകുന്ന വിദ്യാർത്ഥികൾക്കും, കാൽനടയാത്രക്കാർക്കും ഭീഷണിയായിട്ടുണ്ട്.

 കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് ദേശീയപാത സർവീസ് റോഡിനരികെ വെള്ളക്കെട്ട് രൂപപ്പെട്ടത് റെയിൽവേ സ്റ്റേഷനിൽ പോകാനുള്ള വഴി അടഞ്ഞത് പോലെയായി.ഇവിടെ ദേശീയപാത നിർമ്മാണ കമ്പനി അധികൃതരുടെ പോരായ്മയാണ് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിൽ വെള്ളക്കെട്ടിന് കാരണമായത്.ഇവിടെ തൊട്ടടുത്ത ഓവുച്ചാൽ സംവിധാനവും കാര്യക്ഷമമല്ലെന്ന് നാട്ടുകാർ പറയുന്നുമുണ്ട്.

 മൊഗ്രാൽ ടൗൺ ഷാഫി മസ്ജിദിന് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടത് തൊട്ടടുത്ത മസ്ജിദിലേക്ക് വെള്ളം കയറുന്ന സ്ഥിതിയായി. ഇവിടെയും ഓവുചാല്‍ സംവിധാനം അശാസ് ത്രിയമാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നുണ്ട്. വലിയതോതിൽ  ഇവിടേയ്ക്ക് എത്തുന്ന മഴവെള്ളം ഒഴുകിപ്പോകാൻ ഇടുങ്ങിയ ഓവുചാല്‍ സംവിധാനമാണ് നിർമ്മാണ കമ്പനി അധികൃതർ ഒരുക്കിയതെന്നാണ് ആക്ഷേപം.നേരത്തെ ഇവിടെയുണ്ടായിരുന്ന കലുങ്ക് മൂടിയാണ് നേരിയ ഓവുചാൽ സംവിധാനം ഒരുക്കിയത്.

 ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയിൽ വെള്ളക്കെട്ട് രൂപാന്തരപ്പെട്ടിട്ടുണ്ട്. റോഡിൽ വെള്ളം കെട്ടി നിൽക്കുന്നത് പലയിടത്തും ഗതാഗത സംവിധാനത്തെയും ബാധിച്ചിട്ടുണ്ട്. വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ജില്ലാ ഭരണകൂടം അടിയന്തരമായ ഇടപെടലുകൾ നടത്തുന്നുമുണ്ട്.എന്നിട്ടും ശാശ്വത പരിഹാരമാവുന്നില്ല.



No comments