JHL

JHL

തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും നീക്കം ചെയ്യാനും തിരുത്തലുകള്‍ വരുത്താനും അപേക്ഷിക്കാന്‍ ഇന്നു വരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്.

 പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 12 വരെ സമയം നീട്ടിയിരിക്കുന്നത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനായി ഓണ്‍ലൈനില്‍ അപേക്ഷാ പ്രവാഹമാണ്. പ്രാദേശികമായി രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ചു രംഗത്തിറങ്ങിയതോടെ രണ്ടാഴ്ച കൊണ്ട് 19.21 ലക്ഷം അപേക്ഷകളാണു ലഭിച്ചത്. അപേക്ഷകളില്‍ ഭൂരിഭാഗവും ഹിയറിങ് നടക്കാത്തതിനാല്‍ അംഗീകരിച്ചിട്ടില്ല.

 സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റായ www.sec.kerala.gov.in ല്‍ സിറ്റിസന്‍ റജിസ്‌ട്രേഷന്‍ നടത്തി പ്രൊഫൈല്‍ സൃഷ്ടിച്ച ശേഷമാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും അപ്ലോഡ് ചെയ്യണം. പ്രൊഫൈല്‍ സൃഷ്ടിച്ച ഒരാള്‍ക്ക് 10 പേരെ വരെ ചേര്‍ക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാം. രാഷ്ട്രീയ പ്രവര്‍ത്തകരാണ് ഈ സൗകര്യം കൂടുതലായി ഉപയോഗിക്കുന്നത്.

ഹിയറിങ് നോട്ടിസ് ലഭിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖയുമായി ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസറായ (ഇആര്‍ഒ) തദ്ദേശ സ്ഥാപന സെക്രട്ടറിക്കു മുന്‍പാകെ ഇവരെ ഹാജരാക്കാനും രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നവരെ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമുണ്ട്. പകരം, അപേക്ഷയ്ക്കു ലഭിച്ച മറുപടി ഇആര്‍ഒയ്ക്ക് ഇമെയിലായി അയച്ചു നല്‍കുകയും ഇവരുടെ രക്തബന്ധുക്കള്‍ രേഖകളുമായി ഇആര്‍ഒ മുന്‍പാകെ ഹാജരാകുകയും വേണമെന്നാണു നിര്‍ദേശം. ഈ നടപടികള്‍ സുഗമമല്ലെന്നു പരാതിയുണ്ട്. ഹിയറിങ്ങിന് ഹാജരാകാന്‍ ഒരു അവസരം കൂടി നല്‍കാന്‍ ഇആര്‍ഒമാരോട് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.


No comments