JHL

JHL

യു ടേൺ ഇല്ലേ..? പിന്നെ കൊപ്പളത്തിലേക്ക് എങ്ങനെ പോകും, ആശങ്കയിൽ നാട്ടുകാർ.


മൊഗ്രാൽ:  ദേശീയപാത വികസനം പൂർത്തിയാവുകയും, ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തപ്പോൾ ഏറെ ആശങ്കയിലായിരിക്കുന്നത്  മൊഗ്രാൽ കൊപ്പളം പ്രദേശവാസികൾ. ലീഗ് ഓഫീസിന് സമീപത്തുള്ള എക്സിറ്റ് പോയിന്റിൽ നിന്ന് "യൂ ടേൺ'' ഇല്ലെന്ന് കാണിച്ച് ദേശീയപാതയിൽ സിഗ്നൽ ബോർഡ് സ്ഥാപിച്ചതാണ് ഇപ്പോൾ ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്.

 ഇപ്പോൾ കൊപ്പളം, വളച്ചാൽ പ്രദേശവാസികൾ എക്സിറ്റ് പോയിന്റില്‍ നിന്ന് യൂ ടേൺ അടിച്ചാണ് കൊപ്പളം റെയിൽവേ അണ്ടർ പാസ്സേജ് വഴി കൊപ്പളത്തിലേക്കും, തൊട്ടടുത്ത ഒളച്ചാൽ,ജുമാ മസ്ജിദ് റോഡ് വരെയുള്ള താമസക്കാർ വീടുകളിലേക്കും പോകുന്നത്.ബോർഡ് സ്ഥാപിച്ചതോടെ ഇനി ഇതിന് തടസ്സമാവുമോ, നിയമലംഘനമാകുമോ  എന്ന ഭയം പ്രദേശവാസികൾക്കു ണ്ട്.മൊഗ്രാൽ പാലത്തിൽ നിന്ന് 100 മീറ്റർ അകലെ വരെ സർവ്വീസ് റോഡ് ഇല്ലെന്നുള്ള നേരത്തെയുള്ള ദേശീയപാത അതോറിറ്റിയുടെ തീരുമാനത്തിൽ പ്രദേശവാസികൾ പ്രതിഷേധം അറിയിച്ചിരുന്നു.ഇതേ തുടർന്ന് ജനപ്രതിനിധികളൊക്കെ ഇടപെട്ടതിനുശേഷമാണ് കൊപ്പളത്തിലേക്കുള്ള റോഡിലൂടെ അണ്ടർ പാസേജിലേക്ക് പോകാമെന്നുള്ള നിഗമനത്തിൽ എത്തിച്ചേർന്നത്.ഈ തീരുമാനത്തിന് ശേഷമാണ് ഇപ്പോൾ ദേശീയപാതയിൽ "യൂ ടേൺ'' നിരോധിച്ച് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

 കൊപ്പളത്തിലെ ഇരുഭാഗത്തെയും ബസ് കാത്തിരിപ്പ് കേന്ദ്രം തന്നെ നഷ്ടപ്പെട്ടതിലുള്ള   പ്രയാസത്തിലാണ് പ്രദേശവാസികളുള്ളത്. അതിനിടയിലാണ് യൂ ടേൺ നിരോധിച്ചിരിക്കുന്നത്. യാത്രാദുരിതവുമായി ബന്ധപ്പെട്ട വിഷയത്തിൽ  ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും, പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

No comments