ആദരവും അനുമോദനവും ഉയരങ്ങൾ താണ്ടാനും നന്മകളിലൂടെ മാത്രം സഞ്ചരിക്കാനും പ്രേരകമാകും - പി.കെ ജിജീഷ് : കായിക-പ്രൊഫഷണൽ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ മൊഗ്രാൽ ദേശീയവേദി അനുമോദിച്ചു.
മൊഗ്രാൽ : അർഹതപ്പെട്ട വ്യക്തിത്വങ്ങളെ കണ്ടെത്തി ആദരവുകൾ നൽകുന്നത് അവർ സഞ്ചരിക്കുന്ന മേഖലകൾ പുഷ്കലമാകുവാനും ഉയരങ്ങളിലേക്ക് എത്തിപ്പെടാനും പ്രേരകമാകുമെന്ന് കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ പി.കെ ജിജീഷ് പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾക്ക് നൽകുന്ന പ്രോത്സാഹനം തങ്ങളിൽ എന്തൊക്കെയോ കഴിവുകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന ബോധം വിദ്യാർത്ഥികളിൽ വളരുകയും അതുവഴി കരുത്തോടെ ആ രംഗത്ത് മുന്നേറാനുള്ള പ്രചോദനമാകുകയും ചെയ്യും- അദ്ദേഹം കൂട്ടിച്ചേർത്തു.
കായിക-പ്രൊഫഷണൽ മേഖലകളിലും എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിലും മികവ് തെളിയിച്ച പ്രതിഭകളെ അനുമോദിക്കാനായി മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച ചടങ്ങ് പി.കെ ജിജീഷ് ഉദ്ഘാടനം ചെയ്തു.
മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് ടി.കെ അൻവർ അധ്യക്ഷത വഹിച്ചു.
ചലച്ചിത്ര പ്രവർത്തകനും മോട്ടിവേറ്ററുമായ സുഭാഷ് വനശ്രീ മുഖ്യാതിഥിയായിരുന്നു. പാടിയും പറഞ്ഞും വ്യക്തിത്വ വികസനത്തിന്റെ പ്രാധാന്യത്തിലേക്ക് ആഴ്ന്നിറങ്ങിയ സുഭാഷ് വനശ്രീ സദസ്സിനെ കോരിത്തരിപ്പിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇത് നവ്യാനുഭവമായി മാറി.
നിരന്തരമായ പരിശ്രമത്തിലൂടെ ചാർട്ടഡ് അക്കൗണ്ടന്റ് കോഴ്സ് വിജയകരമായി പൂർത്തിയാക്കുക വഴി ഇശൽ ഗ്രാമത്തിലെ ആദ്യത്തെ സിഎ ക്കാരി എന്ന ഖ്യാതി നേടിയ ആയിഷത്ത് ഷാനിദ.എം,
ഇന്ത്യൻ ടീമിന് വേണ്ടി കളത്തിലിറങ്ങി ഏഷ്യൻ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ വെന്നികൊടി പാറിച്ച് മലയാളക്കരയുടെ അഭിമാനം ഉയർത്തിയ അഹ്നാഫ് ജിസ്തിയ, കൊല്ലം ടി കെ എം കോളേജിൽ നിന്നും കെമിക്കൽ എൻജിനീയറിങ്ങിൽ ബി-ടെക് ബിരുദം നേടി റിലയൻസ് കമ്പനിയിൽ പ്ലേസ്മെന്റ് കരസ്ഥമാക്കിയ ഫർസീന നസ്രീൻ എം.കെ എന്നിവർക്ക് ചടങ്ങിൽ വെച്ച് അഭിമാനോപഹാരം സമർപ്പിച്ചു.
എസ്എസ്എൽസി, പ്ലസ്-ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ-പ്ലസ് നേടിയ മൊഗ്രാൽ നിവാസികളായ പ്രതിഭകളെ ക്യാഷ് അവാർഡും ഉപഹാരവും നൽകി അനുമോദിച്ചു.
എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ മികവ് പുലർത്തി സ്കോളർഷിപ്പ് കരസ്ഥമാക്കിയ കുരുന്ന് പ്രതിഭകൾക്കും ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ സമ്മാനിച്ചു.
ജിവിഎച്ച്എസ്എസ് മൊഗ്രാൽ ഹെഡ്മാസ്റ്റർ ജയറാം, നിസാർ പെർവാഡ്, മാഹിൻ മാസ്റ്റർ, ഫാത്തിമ തസ്‌നീം, സെഡ്.എ മൊഗ്രാൽ, അഷറഫ് പെർവാഡ്, സി.എം ഹംസ, ഹമീദ് സഫർ, ബി.എ ലത്തീഫ് ആദൂർ, ലത്തീഫ് കൊപ്പളം, സിദ്ദീഖ് റഹ്മാൻ, ഷമീമ ടീച്ചർ, സൈനബ ടീച്ചർ, മുഹമ്മദ് അബ്കൊ, എം.ജി.എ റഹ്മാൻ, അഷറഫ് സാഹിബ്, ഗഫൂർ ലണ്ടൻപ്രസംഗിച്ചു.
സെക്രട്ടറി ബി എ മുഹമ്മദ് കുഞ്ഞി സ്വാഗതവും ട്രഷറർ പി.എം മുഹമ്മദ് കുഞ്ഞി ടൈൽസ് നന്ദിയും പറഞ്ഞു.


Post a Comment