JHL

JHL

കുമ്പള ടോൾഗേറ്റ് - ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ തിങ്കളാഴ്ച അപ്പീൽ സമർപ്പിക്കും; ശക്തമായ സമരപരിപാടികളും കർമസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും

കുമ്പള : ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ആരിക്കാടിയിൽ പണിയുന്ന താത്കാലിക ടോൾഗേറ്റ് നിർമാണത്തിനെതിരേ രൂപവത്കരിച്ച കർമസമിതിയുടെ യോഗം ശനിയാഴ്ച വൈകീട്ട് കുമ്പള പഞ്ചായത്ത് ഹാളിൽ ചേർന്നു. കർമസമിതി ചെയർമാൻ എ.കെ.എം. അഷ്റഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ ജില്ലയിലെ അഞ്ച് എംഎൽഎമാർ, കളക്ടർ എന്നിവരുൾപ്പെട്ട ഡിപിസി തീരുമാനത്തിന്റെ പകർപ്പുകൂടി ഇതോടൊപ്പം ഹൈക്കോടതിയിൽ നൽകും. നേരത്തെ കേസ് നടത്തിയ മൂന്ന് അഭിഭാഷകരും യോജിച്ചായിരിക്കും ഇത്തവണ കേസ് നടത്തുക. നിർമാണപ്രവൃത്തിയുമായി ബന്ധപ്പെട്ട് ശക്തമായ സമരപരിപാടികളും കർമസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. ആരിക്കാടിയിൽ നിർമിക്കുന്ന ടോൾ ഗേറ്റിനെതിരെ കർമസമിതി നൽകിയ ഹർജി ഹൈക്കോടതി ദിവസങ്ങൾക്ക് മുൻപ് തള്ളിയിരുന്നു.

ശനിയാഴ്ച നടന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങളായ ബി.എ. റഹ്മാൻ ആരിക്കാടി, എം. സബൂറ, രാഷട്രീയ പാർട്ടി പ്രതിനിധികളായ പി. രഘുദേവൻ, സി.എ. സുബൈർ, എ.കെ. ആരിഫ്, ബി.എൻ. മുഹമ്മദലി, യൂസഫ് ഉളുവാർ, താജുദീൻ, നാസർ ബംബ്രാന, അസീസ് കളത്തൂർ, സിദിഖ് ദണ്ഡഗോളി, ഇസ്മായീൽ മൂസ എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച അപ്പീൽ സമർപ്പിക്കും.

 

No comments